ഗാസ – വെടിനിര്‍ത്തല്‍ നിലവില്‍വന്നതോടെ ഗാസ മുനമ്പില്‍ ഇസ്രായില്‍ നിയന്ത്രണത്തിലായ റഫ പ്രദേശത്ത് തുരങ്കങ്ങളില്‍ കുടുങ്ങിയ തങ്ങളുടെ പോരാളികള്‍ ഇസ്രായില്‍ സൈനികര്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്സ് പറഞ്ഞു.
ഒരു മാസമായി നിലനില്‍ക്കുന്ന വെടിനിര്‍ത്തലിന് ഭീഷണിയായ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്സ് മധ്യസ്ഥരോട് ആഹ്വാനം ചെയ്തു. ആയുധങ്ങള്‍ ഈജിപ്തിന് കൈമാറുന്നതിനും, അവ നശിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ തുരങ്കങ്ങളെ കുറിച്ച വിശദാംശങ്ങള്‍ നല്‍കുന്നതിനും പകരം ഗാസയുടെ മറ്റ് ഭാഗങ്ങളിലേക്ക് സുരക്ഷിതമായി കടന്നുപോകാന്‍ ഹമാസ് പോരാളികളെ അനുവദിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദേശം ഈജിപ്ഷ്യന്‍ മധ്യസ്ഥര്‍ മുന്നോട്ടുവെച്ചതായി ഈജിപ്ഷ്യന്‍ സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
സ്വയം പ്രതിരോധിക്കുന്ന പോരാളികളുമായുള്ള ഏറ്റുമുട്ടലിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായില്‍ സൈന്യത്തിനായിരിക്കുമെന്നും ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. അവര്‍ ഇസ്രായിലിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തിനുള്ളില്‍ സ്വയം പ്രതിരോധം നടത്തുന്നു. ശത്രുവിന് കീഴടങ്ങുക എന്ന തത്വം അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ പദാവലിയില്‍ ഇല്ലെന്ന് ശത്രു അറിയുക – പ്രസ്താവന പറഞ്ഞു.
തുരങ്കങ്ങളില്‍ കുടുങ്ങിയിരിക്കുന്ന 200 ഓളം പോരാളികളെ ഉള്‍പ്പെടുത്തിയുള്ള നിര്‍ദിഷ്ട കരാര്‍ ഗാസയിലുടനീളം ഹമാസിനെ നിരായുധീകരിക്കാനുള്ള വിശാലമായ പ്രക്രിയക്കുള്ള പരീക്ഷണമായിരിക്കുമെന്ന് യു.എസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. റഫയിലെ പോരാളികളെ കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെ കുറിച്ച് അല്‍ഖസ്സാം ബ്രിഗേഡ്‌സ് നേരിട്ട് അഭിപ്രായം പറഞ്ഞില്ല. പക്ഷേ, പ്രതിസന്ധി വെടിനിര്‍ത്തലിനെ ബാധിച്ചേക്കാമെന്ന് സൂചന നല്‍കി. ഞങ്ങള്‍ മധ്യസ്ഥരെ ഉത്തരവാദികളാക്കുന്നു. വെടിനിര്‍ത്തലിന്റെ തുടര്‍ച്ച ഉറപ്പാക്കാനും, ശത്രുക്കള്‍ ദുര്‍ബലമായ കാരണങ്ങളാല്‍ അത് ലംഘിക്കുന്നതില്‍ നിന്നും ഗാസയിലെ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വെക്കുന്നതില്‍ നിന്നും തടയണം – അല്‍ഖസ്സാം ബ്രിഗേഡ്സ് പറഞ്ഞു.
ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നശേഷം റഫയില്‍ ഇസ്രായില്‍ സേനക്കെതിരെ കുറഞ്ഞത് രണ്ട് ആക്രമണങ്ങളെങ്കിലും നടന്നു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഹമാസാണെന്ന് ഇസ്രായില്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണം ഹമാസ് നിഷേധിച്ചു. യു.എസ് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നശേഷം ഏറ്റവും വലിയ അക്രമത്തിനാണ് റഫ സാക്ഷ്യം വഹിച്ചത്. മൂന്ന് ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടതോടെ ഡസന്‍ കണക്കിന് ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായില്‍ തിരിച്ചടി നല്‍കി.



