ജിദ്ദ – ടൂറിസം മേഖലയില്‍ ഒന്നര ലക്ഷത്തോളം സൗദികള്‍ക്ക് തൊഴില്‍. മാനവശേഷി വികസന നിധിയുടെ ടൂറിസം മേഖലയുമായുള്ള തന്ത്രപരമായ പങ്കാളിത്തം സൗദികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സഹായിച്ചു. 2020 നും 2025 ആദ്യ പകുതിക്കും ഇടയിലുള്ള കാലത്ത് ടൂറിസം മേഖലയില്‍ 1,47,000 സൗദികള്‍ക്കാണ് തൊഴില്‍ ലഭിച്ചത്.
ഈ കാലയളവില്‍ പ്രത്യേക തൊഴില്‍ ബന്ധിത പരിശീലനത്തിനായി 19 കരാറുകളില്‍ ഒപ്പുവെച്ചുകൊണ്ട് ദേശീയ പ്രതിഭകളുടെ ശേഷികള്‍ വര്‍ധിപ്പിക്കാനും വികസിപ്പിക്കാനും ഫണ്ട് പ്രവര്‍ത്തിച്ചു. ഇതിനായി 85.1 കോടിയിലേറെ റിയാല്‍ ചെലവഴിച്ചു. ഈ കരാറുകളിലൂടെ 8,450 ലേറെ സ്വദേശികള്‍ക്ക് പരിശീലനവും ജോലിയും നല്‍കാനാണ് ലക്ഷ്യമിട്ടത്. ടൂറിസം മേഖലയില്‍ ഫണ്ട് ധനസഹായം നല്‍കുന്നവരുടെ തൊഴില്‍ സ്ഥിരതാ നിരക്ക് 75 ശതമാനമായി വര്‍ധിച്ചു. ഇത് പരിശീലന പ്രോഗ്രാമുകളുടെ ഗുണനിലവാരവും ഫലപ്രാപ്തിയും ടൂറിസം മേഖലയുടെ ആവശ്യകതകളുമായുള്ള അവയുടെ അനുയോജ്യതയും പ്രതിഫലിപ്പിക്കുന്നു.
ടൂറിസം മേഖലയിൽ 22 പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷനുകളെ പിന്തുണക്കുകയും ദുറൂബ് പ്ലാറ്റ്ഫോമില്‍ 12 പ്രത്യേക ഇ-പരിശീലന കോഴ്സുകള്‍ ആരംഭിക്കുകയും ചെയ്തു. കൂടാതെ സ്വദേശികളെ പുതുതായി ജോലിക്കു വെക്കുന്ന സ്ഥാപനങ്ങള്‍ക്ക് സൗദി ജീവനക്കാരുടെ വേതന വിഹിതമായി പ്രതിമാസം വിതരണം ചെയ്യുന്ന തുക 3,000 റിയാല്‍ വരെയായി ഉയര്‍ത്തി. ഫണ്ടിന്റെ പ്രോഗ്രാമുകള്‍ ടൂറിസം മേഖലയെ ശാക്തീകരിക്കാനും മാനവശേഷി വികസനത്തിനും സഹായിച്ചു.
സൗദി വിഷന്‍ 2030 ന്റെ ഭാഗമായി, സൗദി തൊഴില്‍ വിപണിയെ പ്രാപ്തമാക്കുന്നതിലും മികച്ച മേഖലകളിലേക്കുള്ള അതിന്റെ പരിവര്‍ത്തനത്തെ പിന്തുണക്കുന്നതിലുമുള്ള ഫണ്ടിന്റെ നിര്‍ണായക പങ്ക് ഈ ഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. ഭാവി മേഖലകളെ നയിക്കാനും പ്രാപ്തിയുള്ള സുസ്ഥിര ദേശീയ മനുഷ്യ മൂലധനം കെട്ടിപ്പടുക്കാനുള്ള ഫണ്ടിന്റെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കും ഈ നേട്ടങ്ങള്‍ അടിവരയിടുന്നു.



