റിയാദ് – ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഒമ്പതു ലക്ഷത്തിലേറെ സൗദികള്‍ ഈജിപ്ത് സന്ദര്‍ശിച്ചതായി ഈജിപ്ഷ്യന്‍ ടൂറിസം, പുരാവസ്തു മന്ത്രി ശരീഫ് ഫത്ഹി. റിയാദില്‍ യു.എന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ അസംബ്ലിയുടെ 26-ാമത് സെഷനില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. സൗദിയും ഈജിപ്ഷ്യന്‍ ജനതയും തമ്മിലുള്ള സവിശേഷമായ ചരിത്രപരമായ ബന്ധത്തെയും, ആഗോള ടൂറിസത്തെ പിന്തുണക്കുന്നതിലും വികസിപ്പിക്കുന്നതിലും സൗദി അറേബ്യ വഹിക്കുന്ന സുപ്രധാന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
ഈജിപ്തിന്റെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അറബ് വിപണികളില്‍ ഒന്നാണ് സൗദി അറേബ്യ. സൗദി സന്ദര്‍ശകര്‍ക്ക് ടൂറിസത്തെ കുറിച്ച് വര്‍ധിച്ചുവരുന്ന അവബോധമുണ്ട്. ഈജിപ്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഏറ്റവും വലിയ ജനസമൂഹങ്ങളില്‍ ഒന്നാണ് സൗദികള്‍.
ഈജിപ്തിലെ ടൂറിസം മേഖല ചരിത്രപരമായ റെക്കോര്‍ഡ് കൈവരിച്ച് കൊണ്ടിരിക്കുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍, സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, രാജ്യത്തേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ സുഗമമാക്കല്‍, ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയം പോലുള്ള പ്രധാന പദ്ധതികള്‍ തുറക്കല്‍ എന്നിവയുടെ ഫലമായി ഈ വര്‍ഷാവസാനത്തോടെ ഈജിപ്ത് സന്ദര്‍ശിക്കുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 1.8 കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നു.
നവംബര്‍ 11 മുതല്‍ 13 വരെ റിയാദില്‍ നടക്കുന്ന ടൂറൈസ് ഉച്ചകോടിക്കിടെ സൗദി ടൂറിസം മന്ത്രിയുമായി താന്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. ഈജിപ്തിന്റെ വിഷന്‍ 2030 ഉം സൗദി അറേബ്യയുടെ വിഷന്‍ 2030 ഉം തമ്മിലുള്ള പൊരുത്തത്തിന്റെ പശ്ചാത്തലത്തില്‍, തുടര്‍ച്ചയായ ഏകോപനം ഉഭയകക്ഷി ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാനും ഈ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും സഹായിക്കും. സൗദി സഹോദരങ്ങളെ അവരുടെ രണ്ടാമത്തെ വീടായ ഈജിപ്തിലേക്ക് ഞങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു. അവരുടെ സന്ദര്‍ശനം ആധികാരികത, ആധുനികത, സുഖസൗകര്യങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന അസാധാരണ അനുഭവമാണെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നതായും ഈജിപ്ഷ്യന്‍ ടൂറിസം, പുരാവസ്തു മന്ത്രി പറഞ്ഞു.



