കുവൈത്ത് സിറ്റി– പലസ്തീനിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി പന്തുതട്ടി കുവൈത്ത്. കുവൈത്തും ഐക്യരാഷ്ട്രസഭയും ചേർന്ന് ‘ ഫുട്ബോൾ ഫോർ ഹ്യൂമാനിറ്റി ‘ എന്ന പേരിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന ഫുട്ബോൾ ടൂർണമെന്റ് അരങ്ങേറിയത് സുലൈബിഖാത്തിലെ ജാബിർ അൽ മുബാറക് സ്റ്റേഡിയത്തിലാണ്. എട്ടു വയസു മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെയും, മുതിർന്നവരുടെയും ഫുട്ബോൾ മത്സരങ്ങൾക്ക് സ്റ്റേഡിയം സാക്ഷിയായി.
400 ൽ അധികം കുട്ടികളാണ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുത്തത്. പലസ്തീനിലെ കുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് കുട്ടികളും പങ്കാളികളായത്. ഇതിന്റെ ഭാഗമായി അൽഹംറ ഷോപ്പിംഗ് സെന്ററിൽ ഫുട്ബോൾ വസ്തുക്കളുടെ പ്രദർശനവും ലേലവും നടന്നു. ഫുട്ബോൾ ടൂർണ്ണമെന്റ്, ലേലം എന്നിവയിൽ നിന്ന് കിട്ടിയ വരുമാനം പലസ്തീനിലെ കുട്ടികളുടെ സഹായത്തിനായി കൈമാറുന്നതാണ്.
കുവൈറ്റ് വിദേശകാര്യമന്ത്രാലയം, ഐക്യരാഷ്ട്രസഭ, യുനെസ്കോ, യൂണിസെഫ്, ലോകാരോഗ്യ സംഘടന , കുവൈത്ത് ഫുട്ബോൾ ഫെഡറേഷൻ, ഫിഫയുടെ താരൻ ഡെവലപ്മെന്റ് പ്രോഗ്രാം എന്നിവയുടെ പിന്തുണയോടെയും 11 രാജ്യങ്ങളുടെ എംബസികളുടെയും നിരവധി സ്വകാര്യമേഖലയുടെയും സഹകരണത്തോടെയാണ് ഫുട്ബോൾ ഫോർമാലിറ്റി എന്ന പേരിൽ ടൂർണമെന്റ് സംഘടിപ്പിച്ചത്. സംരംഭം വിജയകരമായെന്ന് വിദേശ സഹ മന്ത്രിയും ഇതിന്റെ ട്രസ്റ്റീസ് ബോർഡ് അംഗവുമായ അബ്ദുൽ അസീസ് അൽ ജറല്ല അറിയിച്ചു



