ലണ്ടൻ– ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോട്ടന്‍ഹാം – മാഞ്ചസ്റ്റർ യുണൈറ്റഡ് ത്രില്ലർ മത്സരം സമനിലയിൽ കലാശിച്ചു (2-2). ടോട്ടൻഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന് പിന്നീട് രണ്ടു ഗോളുകൾ വഴങ്ങി പിന്നിലായ യുണൈറ്റഡ് അവസാന നിമിഷമാണ് സമനില പിടിച്ചത്. ആതിഥേയർക്ക് വേണ്ടി മാത്തിസ് ടെൽ, റിച്ചാർലിസൺ എന്നിവർ വല കുലുക്കിയപ്പോൾ ചെകുത്താന്മാർക്ക് വേണ്ടി ബ്രയാൻ എംബ്യൂമോ, മത്യാസ് ഡി ലൈറ്റ് എന്നിവരാണ് ഗോളുകൾ നേടിയത്.
മത്സരം തുടങ്ങിയപ്പോൾ ആക്രമിച്ച് കളിച്ച ടോട്ടൻഹാമിന് തിരിച്ചടിയായി 32 മിനുറ്റിൽ അമദ് ഡിയല്ലോ നൽകിയ ക്രോസ്സിൽ തല വെച്ച് എംബ്യൂമോ യുണൈറ്റഡിനെ മുന്നിലെത്തിച്ചു.
തിരിച്ചടിക്കാനായി ടോട്ടൻഹാം പലതവണ ശ്രമിച്ചെങ്കിലും യുണൈറ്റഡ് പ്രതിരോധനിര ഉറച്ചുനിന്നു. ഒടുവിൽ 84 മിനുറ്റിൽ ടെൽ പ്രതിരോധ നിരയെ കബളിപ്പിച്ച് വലകുലുക്കി ഒപ്പമെത്തിച്ചു. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തിന്റെ ഇഞ്ചുറി ആദ്യ മിനുറ്റിൽ തന്നെ റിച്ചാർലിസൺ ആതിഥേയർക്ക് ലീഡ് നൽകി. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ലഭിച്ച കോർണറിലൂടെ തല വെച്ച് ഡിലൈറ്റ് ചെകുത്താന്മാരുടെ തോൽവി ഒഴിവാക്കി.
11 മത്സരങ്ങളിൽ ഇരു ടീമുകൾക്ക് 18 പോയിന്റ് ആണെങ്കിലും ഗോൾ വ്യത്യാസത്തിന്റെ കാര്യത്തിൽ ടോട്ടൻഹാം മൂന്നാമതും യുണൈറ്റഡ് ഏഴാമതുമാണ്.
കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ചെകുത്താൻമാർ തോൽവി അറിഞ്ഞിട്ടില്ല.



