പെർത്ത് – ഓസ്ട്രേലിയക്കെതിരെ നടന്ന നാലാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് 48 റൺസിൻറെ ജയം. ഇന്ത്യയുടെ ബാറ്റിങ് തകർന്ന മത്സരത്തിൽ ശക്തമായ ബൗളിംഗ് പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (2-1). ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ കങ്കാരുക്കൾ 18.2 ഓവറിൽ 119 റൺസിന് എല്ലാവരും പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മൻ ഗിൽ (46), അഭിഷേക് ശർമ (28) എന്നിവരുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോർ ഉയർത്തിയത്. ഇവരെ കൂടാതെ ശിവം ദുബെ (22), അക്സർ പട്ടേൽ (21) ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (20) എന്നിവരും പിന്തുണ നൽകിയപ്പോൾ തിലക് വർമ (അഞ്ച്), ജിതേഷ് ശർമ ( മൂന്ന് ) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ഓസ്ട്രേലിയക്ക് വേണ്ടി നഥാൻ എല്ലിസ്, ആദം സാംപ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിൽ നിന്ന് 28 റൺസ് ചേർക്കുന്നതിനിടെ ശേഷിക്കുന്ന ഏഴു വിക്കറ്റുകളും നഷ്ടമായി. ക്യാപ്റ്റൻ മിച്ചൽ മാർഷ് (30), ട്രാവിസ് ഹെഡ് (25) എന്നിവർ മാത്രമാണ് പൊരുതിയത്. ഇന്ത്യക്കുവേണ്ടി വാഷിംഗ്ടൺ സുന്ദർ മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ അക്സർ പട്ടേൽ, ദുബെ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ് എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.
ഓൾറൗണ്ടർ പ്രകടനം കാഴ്ചവച്ച അക്സറാണ് കളിയിലെ താരം.



