ദോഹ– ഖത്തർ ഇന്ത്യൻ എംബസിയുടെ സാംസകാരിക വിഭാഗമായ ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രവാസികൾക്കായി ഐ.സി.സി സ്റ്റാർ സിംഗർ, ഐ.സി.സി സൂപ്പർ ഡാൻസർ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ. വിവിധ യോഗ്യത റൗണ്ടുകൾ പൂർത്തിയാക്കുന്ന മത്സരങ്ങളുടെ ഫൈനൽ റൗണ്ട് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഭാരത് ഉത്സവത്തിന്റെ ഒന്നാം ദിനമായ 2026 ജനുവരി 22 ന് നടക്കുമെന്നും സംഘാടകർ അറിയിച്ചു .
ഐ.സി.സി സ്റ്റാർ സിംഗർ മത്സരത്തിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസികളായ 14 മുതൽ 40 വയസ്സ് വരെ പ്രായമായുള്ളവർക്ക് പങ്കെടുക്കാം . വിജയികൾക്ക് 7,500 റിയാലാണ് സമ്മാനത്തുക. രണ്ടാം സ്ഥാനകാർക്ക് 5,000 റിയാലും മൂന്നാം സ്ഥാനകാർക്ക് 2,500 റിയാലും ലഭിക്കും. കൂടാതെ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകും .രജിസ്റ്റർ ചെയ്തവരിൽ നിന്ന് ഔഡിയേഷൻ റൗണ്ടിലൂടെ നാൽപതു പേരെയാണ് തിരഞ്ഞെടുക്കുക.പ്രീ-ക്വാർട്ടറിൽ 30 പേരെയും ക്വാർട്ടറിൽ 12 പേരെയും സെമി ഫൈനലിൽ 5 പേരെയും തിരഞ്ഞെടുക്കും. ഫൈനൽ റൗണ്ടിൽ എത്തിയ അഞ്ചുപേരിൽ നിന്നാണ് വിജയികളെ കണ്ടെത്തുക. രജിസ്ട്രേഷൻ ഫീസ് 100 റിയാലാണ്.
ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ നൃത്ത മേഖലയിൽ കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഐസിസി സൂപ്പർ ഡാൻസേഴ്‌സ് സംഘടിപ്പിക്കുന്നത് .സിനിമാറ്റിക് ഗാനങ്ങളിലായിരിക്കും ഡാൻസ് മത്സരം അരേങ്ങറുക. ഖത്തറിലെ ഇന്ത്യൻ പ്രവാസികളായ 12 മുതൽ 40 വയസ്സ് വരെ പ്രായമായുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. വിജയികൾക്ക് 10,000 റിയാലാണ് സമ്മാനത്തുക. രണ്ടാം സ്ഥാനകാർക്ക് 5,000 റിയാലും മൂന്നാം സ്ഥാനകാർക്ക് 2,500 റിയാലും ലഭിക്കും. കൂടാതെ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകും.
രജിസ്റ്റർ ചെയ്തവരിൽ നിന്ന് ഔഡിയേഷൻ റൗണ്ടിലൂടെ നാൽപതു ടീമുകളെയാണ് തിരഞ്ഞെടുക്കുക.പ്രീ-ക്വാർട്ടറിൽ 25 ടീമുകളെയും ക്വാർട്ടറിൽ 15 ടീമുകളെയും സെമി ഫൈനലിൽ 10 ടീമുകളെയും തിരഞ്ഞെടുക്കും. ഫൈനൽ റൗണ്ടിൽ ഇവരിൽ നിന്നാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളെ തിരഞ്ഞെടുക്കുക. രജിസ്ട്രേഷൻ ഫീസ് 100 റിയാൽ തന്നെയാണ് .
ഐ.സി.സി ക്ക് കീഴിൽ എല്ലാവർഷവും സംഘടിപ്പിക്കാറുള്ള ഭാരത് ഉത്സവ് 2026 ജനുവരി 22, 23 തീയതികളിൽ ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും .ജനുവരി 22: ഐസിസി സ്റ്റാർ സിംഗറിന്റെയും സൂപ്പർ ഡാൻസേഴ്‌സിന്റെയും ഫൈനൽ മത്സരവും ജനുവരി 23 ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ഗായകർ അവതരിപ്പിക്കുന്ന സംഗീത ലൈവ് ഷോ, നൃത്ത പ്രകടനം, ഐ.സി.സി സ്റ്റാർ സിംഗർ, സൂപ്പർ ഡാൻസേഴ്‌സ് വിജയികളുടെ പരിപാടികൾ എന്നിവയും നടക്കുമെന്നും സംഘാടകർ അറിയിച്ചു.
ഐ.സി.സിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ഐ.സി.സി ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബു രാജൻ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, സെക്രട്ടറിമാരായ പ്രദീപ് പിള്ള, അഫ്സൽ അബ്ദുൾമജീദ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബിശ്വജിത് ബാനർജി, നന്ദിനി അബ്ബഗൗണി, രാകേഷ് വാഗ്, രവീന്ദ്ര പ്രസാദ്, വെങ്കപ്പ ഭാഗവതുല എന്നിവർ പങ്കെടുത്തു .



