ബെയ്‌റൂത്ത് – ലെബനോനില്‍ ആറംഗ സംഘം തട്ടിക്കൊണ്ടുപോയ കുവൈത്തി പൗരനെ ലെബനീസ് ആര്‍മി ഇന്റലിജന്‍സ് മോചിപ്പിച്ചു. ഈ മാസം ഒന്നിന് കിഴക്കന്‍ ലെബനോനിലെ ബെക്കാ ഗവര്‍ണറേറ്റിലെ കരക് നഗരത്തില്‍ നിന്നാണ് കുവൈത്തി പൗരനെ സംഘം തട്ടിക്കൊണ്ടുപോയത്. കിഴക്കന്‍ ലെബനോനിലെ സഹ്ലെ ഡിസ്ട്രിക്ടിലെ സഅദ്നായേല്‍ ഗ്രാമത്തിലേക്കാണ് സംഘം കുവൈത്തി പൗരനെ കൊണ്ടുപോയത്. തുടര്‍ന്ന് ഇദ്ദേഹത്തെ വിട്ടയക്കാന്‍ സംഘം മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ സിറിയക്കാരനും ശേഷിക്കുന്നവര്‍ ലെബനോനികളുമാണ്.
ബെയ്‌റൂത്ത് സന്ദര്‍ശനത്തിനെത്തിയ കുവൈത്തി പൗരനെ സംഘം പ്രലോഭിപ്പിച്ച് കിഴക്കന്‍ ലെബനോനിലെ ബെക്കായിലെത്തിച്ചാണ് മോചനദ്രവ്യം തേടി തട്ടിക്കൊണ്ടുപോയത്. പഴുതടച്ച ഓപ്പറേഷനിലൂടെ കുവൈത്തി പൗരനെ പരിക്കേല്‍ക്കാതെ രക്ഷിക്കാനും തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ അറസ്റ്റ് ചെയ്യാനും ലെബനീസ് സൈന്യത്തിന് സാധിച്ചു.



