ന്യൂയോര്‍ക്ക് – യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രൂക്ഷമായ വിമര്‍ശനങ്ങളും ഭീഷണികളും കാരണം ലോകം ഉറ്റുനോക്കിയ ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ 34 കാരന്‍ സൊഹ്റാന്‍ മംദാനിക്ക് എതിരാളികളെ അപ്രസക്തമാക്കുന്ന മിന്നുംജയം. ഒരു സംസ്ഥാനത്തെ അറിയപ്പെടാത്ത ജനപ്രതിനിധിയില്‍ നിന്ന് രാജ്യത്തെ ഏറ്റവും പ്രമുഖ ഡെമോക്രാറ്റുകളില്‍ ഒരാളായി ശ്രദ്ധേയമായ ഉയര്‍ച്ചയാണ് ഇതിലൂടെ മംദാനി നേടിയത്. അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിലെ ആദ്യത്തെ മുസ്‌ലിം മേയറായി മംദാനി മാറും.
പ്രൈമറികളില്‍ മംദാനിയോട് നോമിനേഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച മുന്‍ ഡെമോക്രാറ്റിക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെ (67) മംദാനി പരാജയപ്പെടുത്തി. ഡെമോക്രാറ്റിക് പാര്‍ട്ടി അതിന്റെ തകര്‍ന്ന പ്രതിച്ഛായ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ തലമുറകളും പ്രത്യയശാസ്ത്രങ്ങളും തമ്മിലുള്ള മത്സരമായിരുന്നു ഈ തെരഞ്ഞെടുപ്പ് പ്രചാരണം. യുവാക്കള്‍ക്കിടയില്‍ വളരെ പ്രചാരമുള്ള മംദാനിക്ക് രാഷ്ട്രീയത്തില്‍ നിന്ന് അകന്നുപോയ നിരവധി പേരെ – പുതിയ മുഖങ്ങള്‍ തേടുന്ന നിരാശരായ വോട്ടര്‍മാരെ – തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന് രാഷ്ട്രീയ ശാസ്ത്രജ്ഞന്‍ കോസ്റ്റാസ് പനയോപൗലോസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം ആറു മണിയോടെ 17.5 ലക്ഷം വോട്ടര്‍മാര്‍ വോട്ട് ചെയ്തു. 2021 ല്‍ നടന്ന കഴിഞ്ഞ ന്യൂയോര്‍ക്ക് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വെറും 11.5 ലക്ഷം പേരാണ് വോട്ടു ചെയ്തിരുന്നത്.



