ന്യൂഡൽഹി – വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. വിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങിയിരിക്കുകയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കുകയോ റിഷെഡ്യൾ ചെയ്യുകയോ ആണെങ്കിൽ അധിക നിരക്കുകളില്ലാതെ ഭേദഗതികൾ വരുത്താന്‍ സാധിക്കുന്ന തരത്തിലാണ് ഡിജിസിഎയുടെ പുതിയ മാറ്റങ്ങൾ ലക്ഷ്യമിടുന്നത്.
ടിക്കറ്റ് റീഫണ്ട്, കാന്‍സലേഷന്‍ ചട്ടങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം. യാത്രക്കാർ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം 48 മണിക്കൂർ നേരത്തെക്ക് അവർക്കായി ‘ലുക്ക്–ഇൻ ഓപ്ഷൻ നൽകണം. ഈ സമയത്ത്, യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഈ സമയപരിധിക്കുള്ളിൽ ടിക്കറ്റുകൾ റദ്ദാക്കുകയാണെങ്കിൽ മുഴുവൻ തുകയും യാത്രക്കാർക്ക് തിരികെ നൽകണമെന്നാണ് ഡിജിസിഎയുടെ നിർദേശം. മാറ്റം വരുത്തുമ്പോൾ പുതിയ ടിക്കറ്റിന്റെ അന്നത്തെ നിരക്ക് മാത്രം നൽകിയാൽ മതിയാകും.
എന്നാൽ ആഭ്യന്തര സര്‍വീസുകളുടെ കാര്യത്തിലാണെങ്കില്‍, ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വിമാനം പുറപ്പെടുന്നതിന് ചുരുങ്ങിയത് അഞ്ചുദിവസമെങ്കിലും മുന്‍പേ ആയിരിക്കണം. അന്താരാഷ്ട്ര വിമാനങ്ങളുടെ കാര്യത്തിലാണെങ്കിൽ ഇത് 15 ദിവസമാണ്. ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിന് ശേഷവും ഈ മാറ്റങ്ങൾ ബാധകമല്ലെന്നും തുടർന്നുള്ള ഭേദഗതികൾക്ക് അധിക നിരക്ക് ഈടാക്കുന്നതാണെന്നും നിർദേശമുണ്ട്.
അതേസമയം, യാത്രക്കാർ ട്രാവൽ ഏജന്റ് മുഖേനയോ, ഓൺലൈനിലൂടെയോ ആണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കില്‍ തുക റീഫണ്ട് ചെയ്യുന്നതിൻ്റെ ഉത്തരവാദിത്തം അതത് എയർലൈനുകൾക്കായിരിക്കുമെന്നും ഡിജിസിഎ അറിയിച്ചു. 21 പ്രവൃത്തി ദിവസത്തിനുള്ളിൽ റീഫണ്ട് തുക യാത്രക്കാരിൽ എത്തിയെന്നതിൽ വിമാനക്കമ്പനികൾ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.



