തെല്‍അവീവ് – ശിക്ഷിക്കപ്പെടുന്ന ഫലസ്തീന്‍ തടവുകാര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്‍ ഇസ്രായില്‍ നെസെറ്റ് കമ്മിറ്റി അംഗീകരിച്ചു. തീവ്രവലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ കുറച്ചുകാലമായി ഈ ബില്ല് പാസാക്കാന്‍ ശ്രമിച്ചുവരികയാണെന്ന് വൈനെറ്റ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന ആശങ്കകള്‍ കാരണം ബില്ല് പാസാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് നേരത്തെ കാലതാമസങ്ങള്‍ നേരിട്ടിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബില്ലിനെ പിന്തുണക്കുന്നുണ്ട്. ബില്ലുമായി മുന്നോട്ട് പോകാന്‍ നെസെറ്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റി ഇന്ന് അംഗീകാരം നല്‍കി. അടുത്ത ബുധനാഴ്ച നടക്കുന്ന നെസറ്റിന്റെ പ്ലീനറി സെഷനില്‍ ബില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബില്ലിനെ മുമ്പ് താന്‍ എതിര്‍ത്തിരുന്നെങ്കിലും ഇപ്പോള്‍ അതിനെ പിന്തുണക്കുന്നതായി ബന്ദികള്‍ക്കും കാണാതായവര്‍ക്കും വേണ്ടിയുള്ള ഇസ്രായില്‍ സര്‍ക്കാരിന്റെ കോ-ഓര്‍ഡിനേറ്റര്‍ ഗാല്‍ ഹിര്‍ഷ് എം.പിമാരോട് പറഞ്ഞു. ജീവിച്ചിരിക്കുന്ന ബന്ദികള്‍ തിരിച്ചെത്തിയതിനാല്‍, ഇപ്പോള്‍ നമ്മള്‍ വ്യത്യസ്തമായ യാഥാര്‍ഥ്യത്തിലാണ്. പ്രധാനമന്ത്രി നിയമത്തെ പിന്തുണക്കുന്നു. ശേഷിക്കുന്ന ബന്ദികളുടെ മൃതദേഹങ്ങള്‍ തിരിച്ചെത്തിക്കാനുള്ള മാര്‍ഗമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത് – ഗാല്‍ ഹിര്‍ഷ് പറഞ്ഞു.
ഏതെങ്കിലും കോടതി ഒരു തീവ്രവാദിക്കെതിരെ വധശിക്ഷ വിധിക്കുന്നതിനു മുമ്പ് ഷിന്‍ ബെറ്റിനെയും (ഇസ്രായേല്‍ സുരക്ഷാ ഏജന്‍സി) മറ്റ് ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സികളെയും രഹസ്യ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് ഗാല്‍ ഹിര്‍ഷ് ആവശ്യപ്പെട്ടു. ബെന്‍-ഗ്വിര്‍ ഈ ആശയം നിരസിച്ചു. ഈ നിയമത്തില്‍ കോടതികള്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്ക് വിവേചനാധികാരം ഉണ്ടാകില്ല. വിവേചനാധികാരം അനുവദിച്ചുകഴിഞ്ഞാല്‍, അത് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുമെന്ന് ബെന്‍-ഗ്വിര്‍ പറഞ്ഞു.
നെസെറ്റ് ദേശീയ സുരക്ഷാ കമ്മിറ്റി ബില്ലിന് അംഗീകാരം നല്‍കിയതിനെ ഹമാസ് അപലപിച്ചു. ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും കണ്‍വെന്‍ഷനുകളുടെയും നഗ്‌നമായ ലംഘനമാണെന്ന് ഹമാസ് പറഞ്ഞു. പാര്‍ലമെന്ററി കമ്മിറ്റി ബില്ലിന് അംഗീകാരം നല്‍കിയതും വോട്ടിനായി നെസെറ്റിലേക്ക് റഫര്‍ ചെയ്തതും ഇസ്രായിലിന്റെ യഥാര്‍ഥ മുഖം തുറന്നുകാട്ടുന്നതായും, യുദ്ധത്തടവുകാരെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും മൂന്നാം ജനീവ കണ്‍വെന്‍ഷന്റെയും വ്യവസ്ഥകള്‍ ഇസ്രായില്‍ ഭരണകൂടം തുടര്‍ച്ചയായി ലംഘിക്കുന്നത് സ്ഥിരീകരിക്കുന്നതായും ഹമാസ് പറഞ്ഞു.
വിവാദ ബില്‍ നിര്‍ത്താനും ഫലസ്തീന്‍ തടവുകാര്‍ക്ക് സംരക്ഷണം നല്‍കാനും അവരുടെ മോചനം ഉറപ്പാക്കാനും പ്രവര്‍ത്തിക്കണമെന്ന് ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര മനുഷ്യാവകാശ-മാനുഷിക സംഘടനകളോടും ഹമാസ് ആവശ്യപ്പെട്ടു. ഇസ്രായില്‍ നിരവധി വര്‍ഷങ്ങളായി ഫലസ്തീനികളെ നിയമവിരുദ്ധമായി കൊലപ്പെടുത്തുന്നതായി ഫലസ്തീന്‍ പ്രിസണേഴ്സ് ക്ലബ് പ്രസ്താവിച്ചു. ഔപചാരിക വധശിക്ഷാ നിയമം നടപ്പാക്കാനുള്ള നീക്കം, പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന നിയമപരമായ പരിരക്ഷ നല്‍കുന്ന നയത്തിന്റെ പ്രതിഫലനമാണെന്നും ഹമാസ് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറില്‍ ദേശീയ സുരക്ഷാ സമിതി ബില്‍ ചര്‍ച്ച ചെയ്യാന്‍ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ ബന്ദികള്‍ക്കെതിരെ ഹമാസ് പ്രതികാര ആക്രമണങ്ങള്‍ നടത്തിയേക്കുമെന്ന് ഭയന്ന് ബില്‍ മാറ്റിവെക്കാന്‍ ഗാല്‍ ഹിര്‍ഷ് ആവശ്യപ്പെട്ടു. ഇതേ കാരണത്താല്‍ മുന്‍കാലങ്ങളിലും ബില്‍ മാറ്റിവെച്ചിരുന്നു. അംഗീകാരം നല്‍കുന്നതിനുമുമ്പ് മന്ത്രിസഭ ബില്‍ പുനഃപരിശോധിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. വംശീയമോ ദേശീയമോ ആയ വിദ്വേഷം മൂലമോ, ഇസ്രായില്‍ രാഷ്ട്രത്തെയും ജൂത ജനതയെയും ദ്രോഹിക്കാനുള്ള ഉദ്ദേശ്യത്തോടെയോ കൊലപാതകത്തിന് ശിക്ഷിക്കപ്പെടുന്ന ഏതൊരു തീവ്രവാദിയും നിര്‍ബന്ധിത വധശിക്ഷ ഒരു ഓപ്ഷനായിട്ടല്ല, മറിച്ച് ഒരു ബാധ്യതയായി നേരിടേണ്ടിവരുമെന്ന് ബില്ലിനായുള്ള വിശദീകരണ മെമ്മോറാണ്ടത്തില്‍ പറയുന്നു.
ഭൂരിപക്ഷം ജഡ്ജിമാര്‍ക്കും വധശിക്ഷ വിധിക്കാന്‍ ഈ നിര്‍ദേശം അനുവദിക്കുന്നു. ഭാവിയില്‍ അത്തരം ശിക്ഷകള്‍ ലഘൂകരിക്കുന്നത് നിയമം തടയും. കൈകള്‍ പിന്നില്‍ കെട്ടി നിലത്ത് കിടക്കുന്ന ഫലസ്തീന്‍ തടവുകാര്‍ക്ക് മുന്നില്‍ കഴിഞ്ഞ വെള്ളിയാഴ്ച പ്രത്യക്ഷപ്പെട്ട് ബെന്‍-ഗ്വിര്‍ ഭീകരരെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഫലസ്തീന്‍ ഭീകരര്‍ക്ക് വധശിക്ഷ അംഗീകരിക്കുന്ന ബില്‍ നെസെറ്റില്‍ വോട്ടിന് കൊണ്ടുവന്നില്ലെങ്കില്‍ നെതന്യാഹുവിന്റെ സര്‍ക്കാരിനുമുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ബെന്‍-ഗ്വിര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.



