റിയാദ്– റിയാദ് സീസണിനോടനുബന്ധിച്ച് സുവൈദി പാര്‍ക്കില്‍ ഇന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് തുടക്കം. ഇന്നലെ മുതൽ ആരംഭിച്ച ഇന്ത്യന്‍ സാംസ്‌കാരികോത്സവം ഈ മാസം 10 വരെയാണ് അരങ്ങേറുക.വൈവിധ്യങ്ങള്‍ നിറഞ്ഞാടിയ ഇന്ത്യന്‍ സാംസ്‌കാരിക പ്രകടനങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഗൃഹാതുരത്വവും അറബ് വംശജരടക്കമുള്ളവര്‍ക്ക് വിസ്മയവും സമ്മാനിച്ചാണ് ആദ്യദിനം അവസാനിച്ചത്. ഡിസംബര്‍ 20 വരെ ബംഗ്ലാദേശ്, ഈജിപ്ത്, ലിവാന്റ്, യമന്‍, പാകിസ്താന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ഉഗാണ്ട, എത്യോപ്യ, സുഡാന്‍ എന്നീ സമൂഹങ്ങളുടെ സാംസ്‌കാരികോത്സവങ്ങള്‍ നടക്കും. വൈകുന്നേരം നാലു മുതല്‍ രാത്രി 12 വരെയാണ് ആഘോഷ സമയം. വാരാന്ത്യങ്ങളില്‍ രാത്രി ഒരു മണിവരെ തുടരും. പ്രവേശനം സൗജന്യമാണെങ്കിലും വിബുക്ക് ആപ്ലിക്കേഷനില്‍ ബുക്ക് ചെയ്യണം.
ബിശ്വജിത്ത്, ശിവ ശര്‍മ, ഡിജെ ശ്രേയ, ജാന്‍ കുമാര്‍, വിവേക് മിശ്ര, പ്രിയാന്‍ഷി, ഫരീദ് അലി, വര്‍ഷ പ്രസാദ്, റാപ്പര്‍ എംസി സ്റ്റാന്‍, റിയ ഭട്ടാചാര്യ, കനിക ജി കപൂര്‍, റിമോ ഘോഷ് എന്നീ ഇന്ത്യന്‍ കലാകാരന്മാര്‍ പങ്കെടുക്കും. ബന്‍ഗ്ര, ഗര്‍ഭ, ഗരുഡന്‍ ആക്ട്, ചെണ്ടമേളം, ഓണം ഡാന്‍സ്, പീകോക്ക് ഡാന്‍സ്, മിറര്‍, ഇന്ത്യന്‍ ലോംഗ് മെന്‍, നാസിക് ബാന്റ്് തുടങ്ങിയ ഇന്ത്യന്‍ കലകളുടെ അവതരണവും നടക്കും. ഇന്ത്യന്‍ രുചിവൈവിധ്യങ്ങള്‍ ആസ്വദിക്കാനും അവസരമുണ്ടാകും.ഇന്ത്യന്‍ ഉത്സവം കാണാന്‍ സൗദി പൗരന്മാരടക്കം അറബ് അറബേതര പൗരന്മാര്‍ ഇന്നലെ ഒഴുകിയെത്തി.



