ദോഹ– ഫിഫാ അണ്ടര്‍ 17 പുരുഷ ലോകകപ്പിന് നവംബര്‍ മൂന്നിന് ഖത്തറിൽ തുടക്കമാവും. 48 ടീമുകളാണ് ഇത്തവണ ലോകകപ്പിന് കളത്തിൽ ഇറങ്ങുന്നത്. ആദ്യമായാണ് ഒരു ലോകകപ്പിൽ 48 ടീമുകള്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരം ദക്ഷിണാഫ്രിക്ക ബൊളീവിയയും തമ്മിലാണ്. ആദ്യ ദിവസം എട്ടു മത്സരങ്ങൾ നടക്കും. ഖത്തർ ഇറ്റലിയെയും, യുഎഇ കോസ്‌റ്ററിക്കയെയും ആദ്യ ദിവസം നേരിടും. 12 ഗ്രൂപ്പുകളായി 48 ടീമുകളെ തരംതിരിച്ചിട്ടുണ്ട്. ആകെ 104 മല്‍സരങ്ങളാണ് ഉണ്ടാവുക. ഗ്രൂപ്പ് ഘട്ടം മത്സരങ്ങൾ നവംബര്‍ 11ന് അവസാനിക്കും. നോക്കൗട്ട് ഘട്ടം ആരംഭിക്കുന്നത് നവംബര്‍ 14 നാണ്. ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാരെ കൂടാതെ എട്ട് മികച്ച മൂന്നാം സ്ഥാനക്കാരും നോക്കൗട്ടിലേക്ക് പ്രവേശിക്കും.
ഖലീഫാ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഫൈനല്‍ അരങ്ങേറുക. അല്‍ റയാനിലെ ആസ്‌പെയര്‍ സോണിലെ കോംപ്ലക്‌സുകളിലാണ് മറ്റ് മല്‍സരങ്ങള്‍ നടക്കുക. ജർമനിയാണ് നിലവിലെ ചാമ്പ്യന്മാർ.



