ഈ മനുഷ്യന്മാർക്ക് മാത്രം മതിയോ ആഘോഷങ്ങളൊക്കെ, പ്രേതങ്ങൾക്കും വേണ്ടേ ആഘോഷിക്കാൻ ഒരു ദിനം. ഇന്ന് ഒക്ടോബർ 31, ലോകം മുഴുവൻ ‘ഹാലോവീൻ’ ദിനത്തിന്റെ ആവേശത്തിലാണ്. ആത്മാക്കളുടെ ദിനമാണ് ഹാലോവീൻ എന്നറിയപ്പെടുന്നത് . ഈ ദിവസം മരണപ്പെട്ടവരുടെ ആത്മാക്കൾ വീടുകൾ സന്ദർശിക്കാൻ എത്തുമെന്നാണ് വിശ്വാസം.
പ്രേതങ്ങളും, പിശാചുക്കളും, മന്ത്രവാദികളും, വിവിധ സിനിമകളിലെയും കഥകളിലെയും വിചിത്ര കഥാപാത്രങ്ങളും തെരുവുകളിൽ നിറയുന്ന മാന്ത്രിക ദിനം.
സാധാരണയായി വിദേശ രാജ്യങ്ങളിൽ വലിയ രീതിയിൽ ആഘോഷിക്കാറുള്ള ഈ ദിനം, ഇന്ന് ഇന്ത്യയിലും കേരളത്തിലുമെല്ലാം യുവജനങ്ങൾക്കിടയിൽ തരംഗമായി മാറിയിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ലോകങ്ങൾക്കിടയിലെ അതിർവരമ്പ് നേർക്കുന്നതായി കരുതപ്പെടുന്ന ഈ “ആത്മാക്കളുടെ ദിനത്തിന്” നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് അയർലൻഡ്, യുണൈറ്റഡ് കിംഗ്ഡം, വടക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ ജീവിച്ചിരുന്ന സെൽറ്റിക് ജനതയാണ് ഈ ആചാരത്തിന് തുടക്കമിട്ടത്. സെൽറ്റുകൾ നവംബർ 1 ശൈത്യകാലത്തിന്റെ തുടക്കമായി കണക്കാക്കി. ഒക്ടോബർ 31 വിളവെടുപ്പ് കാലത്തിന്റെ അവസാനവും ഇരുണ്ട ശൈത്യകാലത്തിന്റെ തുടക്കവുമായി അടയാളപ്പെടുത്തി. അവർ എല്ലാ വർഷവും നവംബർ 1-ന് ‘സാമെയ്ൻ’ എന്ന പേരിൽ ഒരു ഉത്സവം ആഘോഷിച്ചിരുന്നു. സെൽറ്റുകൾ വിശ്വസിച്ചിരുന്നത് ഒക്ടോബർ 31-ന് രാത്രിയിൽ ജീവനുള്ളവരും മരിച്ചവരും തമ്മിലുള്ള അതിർവരമ്പ് ഇല്ലാതാകുമെന്നും, മരിച്ചവരുടെ ആത്മാക്കൾ ഭൂമിയിലേക്ക് തിരിച്ചെത്തുമെന്നുമാണ്. ഈ രാത്രിയിൽ മരിച്ചവരുടെ ആത്മാക്കൾക്ക് തങ്ങളുടെ പഴയ വീടുകൾ സന്ദർശിക്കാൻ കഴിയുമെന്നും അവർ കരുതി.
തിരിച്ചെത്തുന്ന ഈ ആത്മാക്കൾ വിളവെടുപ്പിനെ നശിപ്പിക്കുമെന്നും രോഗങ്ങൾ പരത്തുമെന്നും സെൽറ്റുകൾ ഭയപ്പെട്ടു. ഇതിനെ പ്രതിരോധിക്കാൻ അവർ തീയിടുകയും, ദുരാത്മാക്കളെ പേടിപ്പിക്കാനായി മൃഗങ്ങളുടെ തോലുകൾ ധരിച്ച് വിചിത്രവേഷങ്ങൾ കെട്ടുകയും ചെയ്തു. ഈ ആചാരമാണ് പിന്നീട് വേഷംമാറുന്ന ഇന്നത്തെ ഹാലോവീൻ രീതിയിലേക്ക് മാറിയത്.
പിന്നീട് എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പ നവംബർ 1 എല്ലാ വിശുദ്ധന്മാരെയും ആരാധിക്കാനുള്ള ദിവസമായ ഓൾ സെയിന്റ്സ് ഡേ ആയി പ്രഖ്യാപിച്ചു. ഇതിൻ്റെ തലേദിവസമായ ഒക്ടോബർ 31 ഓൾ ഹാലോസ് ഈവ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതാണ് പിന്നീട് ഹാലോവീൻ ആയി മാറിയതെന്നാണ് മറ്റൊരു വിശ്വാസം. ഇങ്ങനെ പുരാതനമായ ആചാരങ്ങളും ക്രിസ്ത്യൻ വിശ്വാസങ്ങളും കാലക്രമേണ കൂടിച്ചേർന്നാണ് ഇന്നത്തെ ഹാലോവീൻ ആഘോഷം രൂപപ്പെട്ടത്.
പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലും യൂറോപ്പിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവർ ഈ ആചാരങ്ങൾ അവിടേക്ക് കൊണ്ടുപോയി. അമേരിക്കയിൽ ഇത് ഒരു വലിയ വിനോദ ആഘോഷമായി മാറുകയും, ‘ട്രീറ്റ് ഓർ ട്രിക്ക്’ പോലുള്ള പുതിയ ആചാരങ്ങൾ രൂപപ്പെടുകയും ചെയ്തു. ഇന്ന്, ലോകമെമ്പാടും ഇതൊരു വലിയ വിനോദോത്സവമായാണ് ആഘോഷിക്കപ്പെടുന്നത്.



