മുംബൈ– അങ്ങനെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് പുതിയ അവകാശികളെ തേടിയെത്തുന്നു.
രണ്ടാം സെമിയിൽ ആതിഥേയരായ ഇന്ത്യ ശക്തരായ ഓസ്ട്രേലിയയെ കലാശ പോരാട്ടത്തിന് യോഗ്യത നേടി. കങ്കാരുക്കളെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ചരിത്രവിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറിൽ 338 റൺസിന് എല്ലാവരും പുറത്തായപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ
ജെമിമ റോഡ്രിഗസിന്റെ സെഞ്ച്വറി കരുത്തിൽ ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ അഞ്ചു വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഇതോടെ ഞായറാഴ്ച നടക്കുന്ന കലാശ പോരാട്ടത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. കന്നി കിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
ടോസ് ലഭിച്ച് ആദ്യ ബാറ്റിംഗിന് ഇറങ്ങിയ തുടക്കം തന്നെ ആക്രമിച്ചു കളിച്ചു. എലിസബത്ത് ലിച്ച്‌ഫീൽഡ് ( 119), എല്ലീസ് പെറി (77), ആഷ്‌ലീ ഗാർഡ്‌നർ (65) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ നേടിയത്. ഒരു ഘട്ടത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 331 റൺസ് നിലയിലായിരുന്ന കങ്കാരുകൾക്ക് ഏഴു റൺസ് എടുക്കുന്നതിനിടെ ശേഷിച്ച നാലു വിക്കറ്റുകളും നഷ്ടമായി. ഇന്ത്യക്ക് വേണ്ടി നല്ലപുരെഡ്ഡി ചരണി, ദീപ്തി ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധ യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
339 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 59 റൺസ് എടുക്കുന്നതിനിടെ തന്നെ ഓപ്പണർമാരായ ഷഫാലി വർമ (10 റൺസ് ), സ്മൃതി മന്ദാന (24) എന്നിവരെ നഷ്ടമായി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ജെമിമ ക്യാപ്റ്റൻ ഹർമീത് പ്രീത് കൗറിനെ കൂട്ടുപിടിച്ച് സ്കോർ പടുത്തുയർത്തി. 167 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. സ്കോർ 226ൽ നിൽക്കെ സെഞ്ച്വറിക്ക് 11 റൺസ് അകലെ ഹർമീത് പ്രീത് കൗറിനെ നഷ്ടമായി. തുടർന്ന് ക്രീസിലെത്തിയ ദീപ്തി ശർമ്മയെ (24) ജെമിമ നൂറു കടക്കുന്നതിനു മുമ്പേ നഷ്ടപ്പെട്ടു. പിന്നീട് റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ജെമിമ സെഞ്ച്വറി പൂർത്തിയാക്കി ഇന്ത്യ ഏകദേശം വിജയം ഉറപ്പിച്ചു. സ്കോർ 310ൽ നിൽക്കെ 26 റൺസുമായി റിച്ചയും പുറത്തായെങ്കിലും തുടർന്നെത്തിയ അമൻജോത് കൗറുമായി ചേർന്ന് ജെമിമ ഇന്ത്യക്ക് ചരിത്രവിജയം നേടിക്കൊടുത്തു. ഇതിനിടയിൽ ജെമിമയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയത് കങ്കാരുക്കൾക്ക് തിരിച്ചടിയായി. ജെമിമ 127 റൺസും അമൻജോത് 15 റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യ ഇത് മൂന്നാം തവണയാണ് ഏകദിനം ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. 2005ൽ ഓസ്ട്രേലിയയുടെ , 2017 ഇംഗ്ലണ്ടിനോടും കലാശ പോരാട്ടത്തിൽ പരാജയപ്പെടുകയായിരുന്നു. അതിനാൽ തന്നെ ഞായറാഴ്ച നടക്കുന്ന പോരാട്ടത്തിൽ സ്വന്തം ആരാധകരുടെ മുന്നിൽ കിരീടം തന്നെയാണ് ലക്ഷ്യം



