മസ്‌കത്ത്– ഒമാനില്‍ നിരവധി വർഷമായി കോളേജ് അധ്യാപകനായി ജോലി നോക്കുന്ന മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍. ഒമാന്‍ മുസന്ന കോളേജ് ഓഫ് ടെക്‌നോളജിയില്‍ അധ്യാപകനായ കണ്ണൂര്‍, ആലക്കോട്, പെരുനിലം റോഡ് ജംഗ്ഷനിലെ അരശ്ശേരില്‍ അനീഷ് മാത്യു (50) നേയാണ് മുസന്നയിലെ താമസ സ്ഥലത്ത് ചൊവ്വാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെക്കാലമായി ഒമാന്‍ പ്രവാസിയായ അനീഷ് മാത്യു ഒരു മാസം മുമ്പാണ് നാട്ടില്‍ പോയി മടങ്ങിയെത്തിയതെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
ആലക്കോട്ടെ ആദ്യകാല ഡോക്ടറും ഫാര്‍മസി ഉടമയുമായ നാടക നടനുമായിരുന്ന പരേതനായ അരശ്ശേരില്‍ മാത്യുവിന്റേയും മണിപ്പാറ ആശാരിപ്പറമ്പില്‍ മേരിയുടേയും മകനാണ്. ഭാര്യ: ഒടുവള്ളി പയ്യനാട്ട് കുടുംബാംഗം അനീഷ. മക്കള്‍: അമീഷ (ബിരുദ വിദ്യാര്‍ത്ഥിനി), അഭിഷേക് (പ്ലസ് ടു വിദ്യാര്‍ത്ഥി സെന്റ് മേരീസ് സ്‌കൂള്‍, ആലക്കോട്). ഖത്തറിലുള്ള അഭിലാഷ്, ലണ്ടനിലുള്ള ആശ അനൂപ് എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംസ്‌കാരം പിന്നീട് ആലക്കോട് സെന്റ്‌മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.



