ദോഹ– ഏകദിന സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിലെത്തി. ഇന്ന് രാവിലെ ദോഹ ഹമദ് അന്താരാഷ്ട്രാ വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയെ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ വിപുൽ, എംബസ്സിയിലെ മുതിർന്ന ഉദോഗസ്ഥർ , നോർക്ക റൂട്സ് ഡയറക്ടറും സംഘാടക സമിതി ചെയർമാനുമായ സി.വി. റപ്പായി, വ്യാപാര വാണിജ്ജ്യ രംഗത്തെ പ്രമുഖർ, ലോക കേരള സഭാംഗങ്ങൾ, സംസ്‌കൃതി ഖത്തർ ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു .കേരള ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറിഡോ. എ. ജയതിലക് , നോർക്ക ഉദോഗസ്ഥർ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പം എത്തിയിട്ടുണ്ട് . 12 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി ഖത്തർ സന്ദർശിക്കുന്നത്.


ഷറാട്ടന്‍ ഹോട്ടലിൽ ഇന്ന് ഉച്ചക്ക് 11 മാണി മുതൽ നടക്കുന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ വ്യാപാര, വാണിജ്യ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളുമായും മുഖ്യമന്ത്രി സംവദിക്കും.
ലോക കേരള സഭയുടെയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മലയാളോത്സവം 2025’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണി മുതൽ അബു ഹമൂറിലുള്ള ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലാണ് മലയാളം ഉത്സവം നടക്കുക. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, കേരള ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, പദ്മശ്രീ ഡോ. എം. എ. യൂസഫ് അലി, കേരള ഗവൺമെന്റ് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവർ പങ്കെടുക്കും



