പട്ടാമ്പി– കടം വാങ്ങിച്ച പണം തിരിച്ചു തന്നില്ലെന്ന് പറഞ്ഞ് പറവൂർ സ്വദേശി പ്രവാസിയുടെ വീടിനു തീയിട്ട ശേഷം ദേഹത്തു സ്വയം കുത്തി മുറിവേൽപിച്ചു. പട്ടാമ്പി മുതുതലയിൽ ഇന്നലെ ഉച്ചയോടെയാണു സംഭവം. സൗദിയിൽ വെച്ച് തന്റെ കയ്യിൽ നിന്നും ഇബ്രാഹിം ഒരു ലക്ഷം രൂപ വാങ്ങിച്ചെന്നും പല തവണ ചോദിച്ചിട്ടും തന്നില്ലെന്നുമാണ് പ്രേംദാസ് പറഞ്ഞത്.
എറണാകുളം പറവൂർ മാഞ്ഞാലി സ്വദേശിയാണ് പ്രേംദാസ്. വിദേശത്തു ജോലിചെയ്യുന്ന മുതുതല പുത്തൻ കവല മച്ചിങ്ങൽ തൊടി കിഴക്കേതിൽ ഇബ്രാഹിമിന്റെ വീടിനാണ് തീയിട്ടത്. പ്രേംദാസ് ആദ്യം കാർ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറും സ്കൂട്ടറും പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. പിന്നീട് വീടിനകത്തേക്കും പെട്രോൾ ഒഴിച്ചു തീയിട്ടതായി വീട്ടുകാർ പറയുന്നു. ഇബ്രാഹിമിന്റെ കുടുംബാംഗങ്ങൾ പിന്നിലെ വാതിലിലൂടെ ഇറങ്ങിയോടുകയായിരുന്നു. വിവരം അറിഞ്ഞതോടെ നാട്ടുകാർ ഒാടിക്കൂടി അഗ്നിരക്ഷാസേനയിലും പോലീസിലും വിവരമറിയിച്ചു. പോലീസും അഗ്നിരക്ഷാസേനാംഗങ്ങളും എത്തിയതോടെ കയ്യിൽ കത്തിയുമായി നിന്നിരുന്ന പ്രേംദാസ് സ്വന്തം കഴുത്തിലും കൈകളിലും കുത്തി മുറിവേൽപിച്ചു. തുടർന്ന് പ്രേംദാസിനെ കീഴ്പെടുത്തി ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രക്തം വാർന്നു ഗുരുതരാവസ്ഥയിലായിരുന്ന പ്രേംദാസിനെ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇതിനുമുമ്പ് തനിക്ക് പണം തരാതെ മുങ്ങി നടക്കുകയാണെന്ന് പറഞ്ഞ് ഇയാൾ ഇബ്രാഹിമിന്റെ ഫോട്ടോ സഹിതമുള്ള നോട്ടിസ് വിതരണം ചെയ്തിരുന്നു. സൗദിയിൽ വച്ചു തന്റെ കാർ രണ്ടു ലക്ഷം രൂപയ്ക്കു വാങ്ങിയ ഇബ്രാഹിം ഒരു ലക്ഷം നൽകുകയും ബാക്കി തുക ഘട്ടംഘട്ടമായി നൽകാമെന്നു പറയുകയും ചെയ്തിരുന്നതായും നോട്ടീസിൽ പറയുന്നുണ്ടായിരുന്നു. എന്നാൽ, രണ്ടര വർഷമായിട്ടും പണം തിരികെ നൽകിയില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ പിടി തരുന്നില്ലെന്നും പ്രേംദാസ് നോട്ടീസിൽ ആരോപിക്കുന്നു. പ്രേംദാസ് പറയുന്നത് യാഥാർഥ്യമാണോ എന്ന് അന്വേഷിക്കുമെന്നും അതിനു ശേഷമേ പറയാനാകൂ എന്ന് പോലീസ് അറിയിച്ചു.



