ന്യൂഡൽഹി– നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഒരു കാര്യവും അസാധ്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഡൽഹി പോലീസിലെ വനിതാ കോൺസ്റ്റബിളായ സോണിക്ക യാദവ്. ഏഴ് മാസം ഗർഭിണിയായിരിക്കെ, ആന്ധ്രാപ്രദേശിൽ നടന്ന ഓൾ ഇന്ത്യ പോലീസ് വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് 145 കിലോഗ്രാം ഭാരം ഉയർത്തിയാണ് സോണിക്ക ചരിത്രനേട്ടം സ്വന്തമാക്കിയത്.
ചാമ്പ്യൻഷിപ്പിൽ സോണിക്ക വെങ്കല മെഡൽ കരസ്ഥമാക്കി. മത്സരത്തിൽ സ്ക്വാട്ടിൽ 125 കിലോഗ്രാമും, ബെഞ്ച് പ്രസ്സിൽ 80 കിലോഗ്രാമും, ഡെഡ്‌ലിഫ്റ്റിൽ 145 കിലോഗ്രാമുമാണ് സോണിക്ക ഉയർത്തിയത്. വെയ്റ്റ്‌ലിഫ്റ്റിങ് ചെയ്യുന്ന സോണിക്കയുടെ വീഡിയോ ഡൽഹി പോലീസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
താൻ അമ്മയാകാൻ പോകുന്നു എന്നറിഞ്ഞപ്പോഴും പരിശീലനം നിർത്തേണ്ടെന്ന് സോണിക്ക തീരുമാനിക്കുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഗർഭകാലത്തും താൻ വെയ്റ്റ്‌ലിഫ്റ്റിങ് തുടർന്നു. ആ ധൈര്യമാണ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടാൻ സഹായിച്ചതെന്നും അവർ വെളിപ്പെടുത്തി.
എല്ലാ ഘട്ടത്തിലും ഡോക്ടറുമായി ആലോചിച്ച ശേഷമാണ് പരിശീലനം തുടർന്നതെന്നും, അപകടസാധ്യതയില്ലെന്ന് ഉറപ്പാക്കിയെന്നും സോണിക്ക പറയുന്നുണ്ട്. ഗർഭകാലത്ത് സമാനമായ നേട്ടം കൈവരിച്ച ലൂസി മാർട്ടിൻസ് എന്ന സ്ത്രീയെക്കുറിച്ച് അറിഞ്ഞ സോണിക്ക, ഇൻസ്റ്റാഗ്രാമിലൂടെ ലൂസിയുമായി ബന്ധപ്പെട്ട് പരിശീലന നുറുങ്ങുകൾ തേടിയിരുന്നു.
തുടക്കത്തിൽ, സോണിക്ക ഗർഭിണിയാണെന്ന കാര്യം മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെ ആർക്കും അറിയാമായിരുന്നില്ല. എന്നാൽ, സത്യം പുറത്തുവന്നപ്പോൾ മുഴുവൻ സ്റ്റേഡിയവും വലിയ പ്രോത്സാഹനവുമായാണ് സോണിക്കയ്‌ക്കൊപ്പം നിന്നത്.
2014 ബാച്ചിലെ കോൺസ്റ്റബിളായ സോണിക്ക യാദവ് നിലവിൽ കമ്മ്യൂണിറ്റി പോലീസിങ് സെല്ലിലാണ് പ്രവർത്തിക്കുന്നത്.



