കോഴിക്കോട്– മെസ്സി വരുമെന്ന പ്രഖ്യാപനം പാളിയതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍താരം സൽമാൻ ഖാനെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി വി. അബ്ദു റഹ്‌മാന്‍. അടുത്ത ദിവസം, കോഴിക്കോട് സേറ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ബൈക്ക് റേസ് ഉദ്ഘാടനം ചെയ്യാൻ സൽമാൻ ഖാൻ എത്തുമെന്നാണ് മന്ത്രി അറിയിച്ചത്. മലപ്പുറം പൂക്കോട്ടൂരിൽ മഡ് റേസ് ഉദ്ഘാടനം ചെയ്യവെ ആയിരുന്നു മന്ത്രിയുടെ പുതിയ പ്രഖ്യാപനം.
അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുന്നതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ മന്ത്രിയുടെ ഈ പുതിയ വാഗ്ദാനം സമൂഹ മാധ്യമത്തിൽ വൻ ചർച്ചയായിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന റേസാണിതെന്നും. ഇന്ത്യയില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട സൽമാൻ ഖാനാണ് ഉദ്ഘാടനം ചെയ്യുന്നതെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് ഗ്രാന്‍ഡ് ഫിനാലെയ്ക്കാണ് കോഴിക്കോട് വേദിയാകുന്നത്. ഡിസംബര്‍ 20, 21 തീയതികളില്‍ കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചിരുന്നു.



