ദോഹ – അഞ്ചു ദിനങ്ങളായി നീണ്ടുനിൽക്കുന്ന അഞ്ചാമത് മീഡിയ പെൻ ഇന്റർ സ്കൂൾ കലാഞ്ജലി കലോത്സവം 2025 ന് ഇന്ന് ദോഹയിൽ തുടക്കമാവും. ദോഹയിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ കേരള സംസ്ഥാന യുവജനോത്സവ മാതൃകയിലാണ് കലാഞ്ജലി കലോത്സവം സംഘടിപ്പിക്കുന്നത് .ഇന്ന് വൈകുന്നേരമാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക . ഇൻഡോ -ഖത്തർ സാംസ്കാരിക തനിമ വിളിച്ചോതുന്ന ,നിച്ഛലദ്ര്യശ്യങ്ങളും ,കലാരൂപങ്ങൾ എന്നിവ അണിനിരക്കുന്ന ഘോഷയാത്ര സംഘടിപ്പിക്കും.തുടർന്ന് കലോത്സവം നഗറിൽ പതാക ഉയരുന്നതോടെയാകും കലോത്സവത്തിന് തുടക്കം കുറിക്കും .
26 മുതൽ 28 വരെ ഓൺസ്‌റ്റേജ് ഓഫ്‌സ്റ്റേജ് മത്സരങ്ങൾ രാവിലെ ഒമ്പതുമുതൽ രാത്രി പതിനൊന്നുവരെയാണ് നടക്കുക. ഇരുനൂറ്റിപത്തൊൻപത് ഇനങ്ങളിലായി ഖത്തറിലെ പ്രധാനപ്പെട്ട ഇരുപതോളം സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം മത്സരാർത്ഥികളാകും കലാമത്സരങ്ങളുടെ ഭാഗമാകുക. .
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ഒരേസമയം തന്നെ നാലു വേദികളിലായി മത്സരങ്ങൾ നടക്കും .29 നു വൈകിട്ട് ആറുമുതൽ ഭിന്നശേഷി കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ കൂടാതെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള അദ്ധ്യാപകരുടെ കലാപ്രകടനങ്ങൾക്കും വേദിയാകും.
മുൻ വർഷങ്ങളെ പോലെ പ്രവാസ ലോകത്തെ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾക്കും തങ്ങളുടെ കലാലയജീവിതത്തിലെ ഓർമ്മകൾ നൽകുന്ന ആഘോഷ രാവുകളാണ് സംഘടകർ അണിയിച്ചൊരുക്കിരിക്കുന്നു. കരകൗശല-വസ്ത്ര-ഫുഡ് -പുസ്‌തക സ്റ്റാളുകൾ തുടങ്ങി വർണ്ണ ബൾബുകൾ കൊണ്ടും ,തോരണങ്ങൾകൊണ്ടും അലംകൃതമായ മികച്ച അന്തരീക്ഷമാണ് മത്സരാർത്ഥികൾക്കും ,കാണികൾക്കുമായി സംഘാടകർ കലാഞ്ജലി നഗറിൽ ഒരുക്കിയിരിക്കുന്നത്.



