സ്റ്റോക്ക്‌ഹോം – വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ കത്തിച്ചുകൊണ്ട് ലോക മുസ്‌ലിംകളെ പ്രകോപിപ്പിച്ച സല്‍വാന്‍ മോമികയെ കൊലപ്പെടുത്തിയ 24 കാരനായ സിറിയന്‍ യുവാവ് ബശാര്‍ സക്കൂറിന്റെ ഫോട്ടോ സ്വീഡിഷ് സുരക്ഷാ വകുപ്പുകള്‍ പുറത്തുവിട്ടു.
സല്‍വാന്‍ മോമികയുടെ മരണശേഷം, സുരക്ഷാ വകുപ്പുകള്‍ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ തെളിവുകളുടെ അഭാവം മൂലം എല്ലാവരെയും പിന്നീട് വിട്ടയച്ചു.
പോലീസ് സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്ന തിരക്കിലായിരിക്കെ, ബശാര്‍ സക്കൂര്‍ സ്വീഡന്‍ വിട്ട് അജ്ഞാതമായ സ്ഥലത്തേക്ക് രക്ഷപ്പെടുകയായിരുന്നു. യൂറോപ്പില്‍ നിന്ന് പൂര്‍ണമായും പുറത്തുപോയതിനാല്‍ ഞങ്ങള്‍ക്ക് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും പ്രതിയുടെ കൃത്യമായ സ്ഥാനം നിര്‍ണയിക്കാന്‍ കഴിയുന്നില്ലെന്നും സ്വീഡിഷ് സുരക്ഷാ വകുപ്പുകള്‍ പറഞ്ഞു. സ്വീഡനുമായി കുറ്റവാളി കൈമാറ്റ ഉടമ്പടി ഇല്ലാത്ത രാജ്യത്തേക്കാണ് ബശാര്‍ സക്കൂര്‍ രക്ഷപ്പെട്ടതെന്ന് സ്വീഡിഷ് പത്രങ്ങള്‍ വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള 160 കോടിയിലേറെ വരുന്ന മുസ്‌ലിംകളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തി സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ ഇറാഖ്, ഇറാന്‍ എംബസികള്‍ക്കു മുന്നില്‍ പോലീസ് കാവലില്‍ വിശുദ്ധ മുസ്ഹഫ് കോപ്പികള്‍ പരസ്യമായി പിച്ചിച്ചീന്തുകയും കത്തിക്കുകയും ചെയ്ത് കുപ്രശസ്തനായ ഇറാഖി അഭയാര്‍ഥി സല്‍വാന്‍ മോമിക കഴിഞ്ഞ വര്‍ഷാദ്യമാണ് കൊല്ലപ്പെട്ടത്. 2023 ലാണ് സല്‍വാന്‍ മോമിക മുസ്ഹഫ് കോപ്പികള്‍ പിച്ചിച്ചീന്തുകയും കത്തിക്കുകയും ചെയ്തത്.
ഉത്തര ഇറാഖിലെ ക്രിസ്ത്യന്‍ കുടുംബത്തില്‍ 1986 ജൂണ്‍ 23 ന് ആണ് സല്‍വാന്‍ മോമിക ജനിച്ചത്. പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സില്‍ ചേര്‍ന്ന് ഐ.എസിനെതിരായ പോരാട്ടങ്ങളില്‍ പങ്കെടുക്കുകയും രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്ത സല്‍വാന്‍ മോമിക പിന്നീട് സിറിയാക് ഡെമോക്രാറ്റിക് യൂനിയന്‍ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിക്കുകയും 2014 ല്‍ ഹോക്‌സ് സിറിയാക് ഫോഴ്‌സസ് എന്ന പേരില്‍ സായുധ മിലീഷ്യ സ്ഥാപിക്കുകയും ചെയ്തിരുന്നു.
2018 ല്‍ ആണ് സ്വീഡിഷ് വിസക്ക് യുവാവ് അപേക്ഷിച്ചത്. 2021 ഏപ്രിലില്‍ ഇറാഖില്‍ നിന്നുള്ള കുടിയേറ്റക്കാരന്‍ എന്നോണം സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. മൂന്നു വര്‍ഷത്തെ പാര്‍പ്പിടാനുമതിയാണ് നല്‍കിയിരുന്നത്. 2023 ല്‍ പോലീസ് കാവലില്‍ മൂന്നു തവണയാണ് സല്‍വാന്‍ മോമിക ഖുര്‍ആന്‍ കോപ്പികള്‍ പരസ്യമായി കത്തിച്ചത്. ഇതിനു പിന്നാലെ യുവാവിന് നിരവധി വധഭീഷണികള്‍ ലഭിച്ചു. അറബ്, മുസ്‌ലിം രാജ്യങ്ങളുമായുള്ള സ്വീഡന്റെ നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ക്ക് ക്ഷതമേല്‍പിച്ച മോമികയെ സ്വീഡനില്‍ നിന്ന് പുറത്താക്കാന്‍ സ്വീഡിഷ് മൈഗ്രേഷന്‍ ഏജന്‍സി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇറാഖില്‍ നിന്നുള്ള വധഭീഷണികള്‍ കണക്കിലെടുത്ത് ഈ തീരുമാനം നടപ്പാക്കിയിരുന്നില്ല. സ്വന്തം രാജ്യത്ത് വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ സല്‍വാന്‍ മോമികയെ വിട്ടുനല്‍കണമെന്ന് സ്വീഡനോട് ഇറാഖ് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുെങ്കിലും സ്വീഡന്‍ വഴങ്ങിയിരുന്നില്ല.



