വാഷിംഗ്ടണ്‍ – വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ത്താല്‍ ഇസ്രായിലിനുള്ള അമേരിക്കന്‍ പിന്തുണ നഷ്ടപ്പെടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇക്കാര്യത്തില്‍ അറബ് രാജ്യങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് ടൈം മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുമായിരുന്ന ഗാസ യുദ്ധം തുടരുന്നതില്‍ നിന്ന് താന്‍ നെതന്യാഹുവിനെ തടഞ്ഞു. ആഗോളതലത്തില്‍ ഇസ്രായിലിന്റെ ജനപ്രീതി നഷ്ടപ്പെടുകയായിരുന്നു. നെതന്യാഹുവിന് യുദ്ധം നിര്‍ത്തേണ്ടിവന്നു. അദ്ദേഹം ശരിയായ കാര്യം ചെയ്തു. ട്രംപ് വ്യക്തമാക്കി.
ഗാസ വൈകാതെ സന്ദര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി താന്‍ എപ്പോഴും നല്ല ബന്ധം പുലര്‍ത്തിയിട്ടുണ്ട്. ഗാസയിലെ ഭരണം ഫലസ്തീന്‍ അതോറിറ്റി ഏറ്റെടുക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാനുള്ള രണ്ട് ബില്ലുകള്‍ക്കെതിരായ അമേരിക്കയുടെ ഉറച്ച നിലപാട് ഇസ്രായിലിലെ രാഷ്ട്രീയ, മാധ്യമ വൃത്തങ്ങളെ അത്ഭുതപ്പെടുത്തി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, വിദേശ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാര്‍ക്കോ റൂബിയോ എന്നിവരെല്ലാം വെവ്വേറെ പ്രസ്താവനകളിലൂടെ ഇസ്രായിലിന്റെ നീക്കത്തിനെതിരായ എതിര്‍പ്പ് പ്രകടിപ്പിച്ചു.
ഇപ്പോഴും പ്രാഥമിക ഘട്ടത്തിലുള്ള കൂട്ടിച്ചേര്‍ക്കല്‍ ബില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തന്റെ സര്‍ക്കാര്‍ ശ്രമിക്കില്ല എന്ന് പറഞ്ഞുകൊണ്ട് ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയോണ്‍ സാഅര്‍ യുഎസ് വിമര്‍ശനത്തെ പെട്ടെന്ന് തന്നെ പ്രതിരോധിച്ചു. വെസ്റ്റ് ബാങ്കിലെ വലിയ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനും അവയുടെ മേല്‍ ഇസ്രായിലിന്റെ പരമാധികാരം അടിച്ചേല്‍പ്പിക്കാനും ആവശ്യപ്പെടുന്ന രണ്ട് ബില്ലുകള്‍ നെസെറ്റ് ബുധനാഴ്ച പാസാക്കിയതിനെതിരെ അന്താരാഷ്ട്ര പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് യു.എസ് പ്രതികരണം.
വിചിത്രമായ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി, ഞാന്‍ ഞെട്ടിപ്പോയി. പക്ഷേ, ഇത് രാഷ്ട്രീയ തന്ത്രം മാത്രമാണെന്ന് അവര്‍ എന്നോട് പറഞ്ഞു. ഇത് ഒരു രാഷ്ട്രീയ തന്ത്രം മാത്രമാണെങ്കില്‍, അത് ഒരു മണ്ടത്തരമായിരുന്നു. അതില്‍ ഞാന്‍ അല്‍പ്പം അസ്വസ്ഥനാണ്. വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഇസ്രായിലിനെ ഞങ്ങള്‍ അനുവദിക്കില്ല. ഈ വോട്ടെടുപ്പില്‍ ഞങ്ങള്‍ തൃപ്തരല്ല – ഇന്ന് ഉച്ചക്ക് ഇസ്രായില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനു തൊട്ടുമുമ്പ് വാന്‍സ് പറഞ്ഞു.
വെസ്റ്റ് ബാങ്കിനെ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ടൈം മാഗസിന്‍ ഇന്ന് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു. ഈ മാസം 15 ന് ടൈം മാഗസിന് നല്‍കിയ ട്രംപ് നല്‍കിയ അഭിമുഖമാണ് മാസിക ഇന്ന് പ്രസിദ്ധീകരിച്ചത്. വെസ്റ്റ് ബാങ്കില്‍ നിന്ന് ഒന്നും പിടിച്ചെടുക്കില്ലെന്ന് ഇസ്രായില്‍ അറബ് രാജ്യങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അത് ഇപ്പോള്‍ ചെയ്യാന്‍ കഴിയില്ല. ഈ പിടിച്ചെടുക്കല്‍ സംഭവിച്ചാല്‍, ഇസ്രായിലിന് അമേരിക്കയില്‍ നിന്നുള്ള എല്ലാ പിന്തുണയും നഷ്ടപ്പെടും – ട്രംപ് പറഞ്ഞു. വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാനുള്ള നെസെറ്റിന്റെ തീരുമാനം ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന് ഭീഷണിയാകുമെന്ന് ഇസ്രായിലിലേക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പ് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ പറഞ്ഞിരുന്നു



