റിയാദ് – ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്രായിലി കരട് നിയമങ്ങളെ അപലപിച്ച് സൗദി അറേബ്യ. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ ജൂതകുടിയേറ്റ കോളനിക്ക് നിയമസാധുത നല്‍കാനും മുഴുവന്‍ വെസ്റ്റ് ബാങ്കിലും ഇസ്രായില്‍ പരമാധികാരം അടിച്ചേല്‍പ്പിക്കാനും അനുശാസിക്കുന്ന രണ്ട് കരട് നിയമങ്ങള്‍ക്ക് ബുധനാഴ്ച ഇസ്രായില്‍ പാര്‍ലമെന്റ് പ്രാഥമിക അംഗീകാരം നല്‍കിയതിനെ സൗദി വിദേശ മന്ത്രാലയം ശക്തമായി അപലപിച്ചു. വെസ്റ്റ് ബാങ്കിലെ ഇസ്രായില്‍ അധികൃതരുടെ എല്ലാ കുടിയേറ്റ, വിപുലീകരണ പ്രവര്‍ത്തനങ്ങളെയും ശക്തമായി നിരാകരിക്കുന്നതായി സൗദി അറേബ്യ വ്യക്തമാക്കി.
അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്ക് അനുസൃതമായി കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967 ന് മുമ്പുള്ള അതിര്‍ത്തികളെ അടിസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീനികളുടെ അവകാശത്തിനുള്ള പിന്തുണ സൗദി അറേബ്യ ആവര്‍ത്തിച്ചു. യു.എന്‍ പ്രമേയങ്ങള്‍ നടപ്പാക്കാനും ഫലസ്തീന്‍ പ്രദേശത്തെ ഇസ്രായില്‍ കൈയേറ്റങ്ങള്‍ തടയാനുമുള്ള ഉത്തരവാദിത്തത്തെ കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ഓര്‍മ്മിപ്പിച്ച സൗദി വിദേശ മന്ത്രാലയം, മേഖലയില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിന് ദ്വിരാഷ്ട്ര പരിഹാരത്തില്‍ കലാശിക്കുന്ന സമാധാന പ്രക്രിയക്ക് ആഹ്വാനം ചെയ്തു.
തീവ്ര വലതുപക്ഷ മന്ത്രിമാര്‍ പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യമായ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കലുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകളുമായി മുന്നോട്ട് പോകാന്‍ ഇസ്രായില്‍ നിയമനിര്‍മ്മാതാക്കള്‍ നെസെറ്റില്‍ വോട്ട് ചെയ്തു. ഈ കരടുകള്‍ നിയമമാകാന്‍ പാര്‍ലമെന്റില്‍ മൂന്ന് തവണ കൂടി വോട്ടെടുപ്പില്‍ പാസാക്കേണ്ടതുണ്ട്. ഒമ്പതിനെതിരെ 32 വോട്ടുകള്‍ക്ക് പാസായ ആദ്യ ബില്‍, ജറൂസലമിന് കിഴക്കുള്ള ഒരു വലിയ ഇസ്രായിലി കുടിയേറ്റ കേന്ദ്രം ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്നു. വെസ്റ്റ് ബാങ്ക് മുഴുവന്‍ പിടിച്ചെടുത്ത് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്ന രണ്ടാമത്തെ ബില്‍ 24 നെതിരെ 25 വോട്ടുകള്‍ക്ക് കഷ്ടിച്ച് പാസായി.



