കോഴിക്കോട് പേരാമ്പ്രയിൽ തന്നെ മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എംപി. വടകര കണ്‍ട്രോള്‍ റൂം സി ഐ അഭിലാഷ് ഡേവിഡാണ് തന്നെ മർദിച്ചതെന്ന് ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചിത്രങ്ങളും വിഡിയോകളും സഹിതം ഷാഫി ഇക്കാര്യം വെളിപ്പെടുത്തിയത്.
മാഫിയ ബന്ധത്തിന്റെ പേരില്‍ 2023 ജനുവരി 16ന് സസ്‌പെന്‍ഷനില്‍ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാര്‍ത്ത വന്നതാണെന്നും വഞ്ചിയൂര്‍ സി പി എം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദര്‍ശകനാണ് ഇയാളെന്നും ഷാഫി പറഞ്ഞു. ആക്രമണം ഉണ്ടായത് ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു എന്നും ഷാഫി പറഞ്ഞു. താൻ അവിടെ എത്തിയതുകൊണ്ടാണ് ആക്രമണമുണ്ടായതെന്ന് പ്രചരിപ്പിച്ചു. ലാത്തി ചാര്‍ജ് ഉണ്ടായില്ലെന്ന് എസ് പി വ്യാജപ്രചാരണം നടത്തി. പൊലീസിന്റെ കൈയില്‍ ഇരുന്ന ഗ്രനേഡ് പൊട്ടിയാണ് തനിക്ക് പരിക്കുണ്ടായതെന്നും ഷാഫി വ്യക്തമാക്കി.
പേരാമ്പ്ര സികെജി ഗവൺമെൻറ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടർ സംഘർഷങ്ങളാണ് മർദനത്തിൽ കലാശിച്ചത്. യുഡിഎഫ്- സിപിഐഎം പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം ഉടലെടുക്കുകയും പിന്നാലെ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കേറ്റത്. അതേസമയം പേരാമ്പ്രയില്‍ സംഘര്‍ഷം ഒഴിവാക്കാനാണ് താന്‍ ശ്രമിച്ചതെന്നും ദൃശ്യങ്ങള്‍ ഉണ്ടെന്നും ഇത്ര വലിയ മര്‍ദനമേറ്റിട്ടും അവിടുന്നു ഓടി ആശുപത്രിയില്‍ പോകാഞ്ഞത് പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ വേണ്ടിയാണെന്നും ഷാഫി പറഞ്ഞു. ഈ വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും പരാതിയില്‍ ഷാഫി പറമ്പില്‍ എം പി പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. നിയമ പോരാട്ടം തുടരുമെന്നും തെളിവുകൾ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറുമെന്നും ഷാഫി പറഞ്ഞു



