ദുബൈ– ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. പ്രവാസി ദമ്പതികളായ ആലപ്പുഴ മാവേലിക്കര സ്വദേശി വി.ജി. കൃഷ്ണകുമാറിൻറെയും വിദു കൃഷ്ണകുമാറിൻറെയും മകൻ വൈഷ്ണവ് കൃഷ്ണകുമാർ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ദുബൈ ഇന്റർനാഷനൽ അക്കാദമിക് സിറ്റിയിൽ ദീപാവലി ആഘോഷങ്ങൾക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിബിഎ മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയാണ് വൈഷ്ണവ്. പഠന രംഗത്തും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായിരുന്നു. ദുബൈ ജെംസ് അവർ ഓൺ ഇന്ത്യൻ സ്‌കൂളിലായിരുന്നു വൈഷ്ണവിൻറെ പന്ത്രണ്ടാം ക്ലാസ് പഠനം. മാതാവ് ഇതേ സ്‌കൂളിലെ അധ്യാപികയാണ്.
കഴിഞ്ഞ വർഷം സിബിഎസ്ഇ 12 ക്ലാസ് പരീക്ഷയിൽ 97.4 ശതമാനം മാർക്ക് നേടിയിരുന്നു. പാഠ്യ, പാഠ്യേതര വിഷയത്തിലെ മികച്ച പ്രകടനം കണക്കിലെടുത്ത് വൈഷ്ണവിന് യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു. മാർക്കറ്റിങ്, സംരംഭക വിഷയങ്ങളിൽ മികച്ച രീതിയിൽ അവഗാഹമുണ്ടായിരുന്ന വിദ്യാർത്ഥി സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു.
വിദ്യാർഥിയുടെ അപ്രതീക്ഷിത വിടവാങ്ങലിൻറെ ഞെട്ടലിലാണ് സഹപാഠികളും അധ്യാപകരും. മരണകാരണം സംബന്ധിച്ച് ദുബൈ പൊലീസ് ഫൊറൻസിക് വിഭാഗം കൂടുതൽ പരിശോധനകൾ നടത്തി വരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. വൃഷ്ടി കൃഷ്ണകുമാറാണ് സഹോദരി.



