റിയാദ് – ബ്രിട്ടനിലെ പ്രശസ്തമായ സ്ട്രാത്ത്‌ക്ലൈഡ് യൂണിവേഴ്‌സിറ്റി ശാഖ റിയാദില്‍ സ്ഥാപിക്കാന്‍ സൗദി മന്ത്രിസഭയുടെ അംഗീകാരം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി ശാഖ റിയാദില്‍ സ്ഥാപിക്കാന്‍ അംഗീകാരം നല്‍കിയത്.
ഗാസ മുനമ്പിലെ പുതിയ സംഭവവികാസങ്ങള്‍ മന്ത്രിസഭാ യോഗം അവലോകനം ചെയ്തു. ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ ഉടനടി ലഘൂകരിക്കണമെന്നും ഗാസയില്‍ നിന്ന് ഇസ്രായില്‍ സൈന്യം പൂര്‍ണമായി പിന്‍വാങ്ങണമെന്നും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി നീതിയുക്തമായ സമാധാനം കൈവരിക്കാനുള്ള പ്രായോഗിക നടപടികള്‍ ആരംഭിക്കണമെന്നും സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു.
ലോകമെമ്പാടും സുരക്ഷയും സമാധാനവും കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുന്നു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശാശ്വത സമാധാനവും സ്ഥിരതയും ശക്തമാക്കാനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനെയും സൗദി മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു.



