ലിവർപൂൾ – പ്രീമിയർ ലീഗ് തുടർച്ചയായി മൂന്നാമത്സരത്തിലും പരാജയപ്പെട്ട് നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ. ചാമ്പ്യൻസ് ലീഗടക്കമുള്ള മത്സരങ്ങളിൽ തുടർച്ചയായ നാലാമത്തെ തോൽവിയുമാണ്. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ലിവർ പൂളിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡ് ജയിച്ചു കയറിയത്. യുണൈറ്റഡിന് വേണ്ടി ബ്രയാൻ എംബ്യൂമോ, ഹാരി മാഗ്വയർ എന്നിവർ ഗോളുകൾ നേടിയപ്പോൾ നിലവിലെ ചാമ്പ്യന്മാരുടെ ആശ്വാസ ഗോൾ നേടിയത് കോഡി ഗാക്പോയാണ്.
മത്സരം തുടങ്ങി രണ്ടാം മിനുറ്റിൽ തന്നെ അമാദിന്റെ പാസ്സിൽ നിന്നും വല കുലുക്കി എംബ്യൂമോ ചെകുത്താന്മാരെ മുന്നിലെത്തിച്ചു. ഗോൾ തിരിച്ചടിക്കാനായി പലതവണ ലിവർപൂൾ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. രണ്ടാം പകുതിയിൽ വിർട്സ്, എകിറ്റികെ, ജോൺസ്, ചിയേസ എന്നിവരെയെല്ലാം കളത്തിൽ ഇറക്കി ആക്രമണത്തിന് മൂർച്ച കൂട്ടി. ഒടുവിൽ 78-ാം മിനുറ്റിൽ ഗാക്പോ ആതിഥേയരെ ഒപ്പമെത്തിച്ചു.
എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ആറു മിനിറ്റുകൾക്ക് ശേഷം ഒരു കോർണറിലൂടെ ഗോൾ നേടി മാഗ്വയർ ചെകുത്താൻ മാർക്ക് വിജയം സമ്മാനിച്ചു. സമനില ഗോളിനായി പൂൾ ആഞ്ഞു ശ്രമിച്ചെങ്കിലും യുണൈറ്റഡ് പ്രതിരോധനിരയുടെയും, കീപ്പറിന്റെയും മികവ് തിരിച്ചടിയായി.
ഇതോടെ 8 മത്സരങ്ങളിൽ അഞ്ചു വിജയമടക്കം 15 പോയിന്റുമായി പൂൾ നാലാമതും ഇത്രയും കളിയിൽ 13 പോയിന്റുമായി യുണൈറ്റഡ് ഒമ്പതാം സ്ഥാനത്തുമാണ്.
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ആസ്റ്റൻ വില്ലയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ടോട്ടന്‍ഹാം രണ്ടു ഗോളുകളും വഴങ്ങിയത്. വില്ലക്ക് വേണ്ടി മോർഗൻ എലിയറ്റ് റോജേഴ്സ് ( 37-ാം മിനുറ്റ് ), എമിലിയാനോ ബ്യൂണ്ടിയ (77-ാം മിനുറ്റ് ) ഇവരാണ് ഗോൾ നേടിയത്. ടോട്ടൻഹാമിനു വേണ്ടി വല കുലുക്കിയത് റോഡ്രിഗോ ബെൻ്റാൻകുർ ( അഞ്ചാം മിനുറ്റ് ) ആണ്.



