പെർത്ത് – ശുഭ്മാൻ ഗില്ലിന്റെ കീഴിൽ ആദ്യ ഏകദിനം മത്സരത്തിൽ ഇറങ്ങിയ ഇന്ത്യക്ക് ദയനീയ തോൽവി. ടീമിലേക്ക് തിരിച്ചുവന്ന സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരെല്ലാം നിരാശപ്പെടുത്തിയ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ മൂന്ന് ഏകദിന മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി.
മഴ കാരണം 26 ഓവറാക്കി ചുരുക്കി മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 136 റൺസാണ് എടുത്തത്. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 131 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കങ്കാരുക്കൾ 21.1 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം കണ്ടു.
ഓസ്ട്രേലിയയിലെ ഒപ്ടസ് സ്റ്റേഡിയത്തിൽ ടോസ് ലഭിച്ച ഓസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ക്യാപ്റ്റൻ ഗില്ലിന്റെ കൂടെ രോഹിത് ശർമയിറങ്ങി വമ്പൻ സ്കോർ പടുത്തുയർത്തും എന്ന് തോന്നിച്ചെങ്കിലും മുൻനിര താരങ്ങളുടെ വിക്കറ്റുകൾ നഷ്ടമാകുന്നതാണ് കണ്ടത്. 45 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയുടെ നാല് വിക്കറ്റുകൾ നഷ്ടമായി. രോഹിത് (8), ഗിൽ (10), കൊഹ്‌ലി (0), ശ്രേയസ്സ് അയ്യർ (11) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
പിന്നീട് ഇറങ്ങിയ കെ എൽ രാഹുൽ, അക്സർ പട്ടേൽ എന്നിവരുടെ ചേർത്ത് നിൽപ്പാണ് സ്കോർ 100 കടത്തിയത്. 84ൽ നിൽക്കെ അക്സർ 31 റൺസെടുത്ത് മാത്യു കുഹ്നെമാനിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വാഷിംഗ്ടൺ സുന്ദർ രാഹുലുമായി ചേർന്ന് സ്കോർ 115ൽ എത്തിച്ചെങ്കിലും പത്തു റൺസെടുത്ത സുന്ദറിനെ നഷ്ടമായി. പിന്നാലെ 38 റൺസുമായി രാഹുലും മടങ്ങി. ഹാർഷീത് റാണ ഒരു റൺസെടുത്തു അർഷ്ദീപ് റൺസൊന്നും എടുക്കാതെ മടങ്ങിയതോടെ 25.2 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 124 എന്ന നിലയിലായി. തുടർന്ന് നിതീഷ് കുമാർ നേടിയ രണ്ട് സിക്സുകളാണ് 136ൽ എത്തിച്ചത്. നിതീഷ് കുമാർ (19), സിറാജ് (0) എന്നിവർ പുറത്താകാതെ നിന്നു.
ഓസ്ട്രേലിയക്ക് വേണ്ടി ഹേസൽവുഡ്, മിച്ചൽ ഓവൻ, കുഹ്നെമാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ മിച്ചൽ സ്റ്റാർക്ക്, നഥാൻ എല്ലിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 131 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കം തന്നെ ട്രാവിസ് ഹെഡിനെ നഷ്ടമായി. എട്ടു റൺസ് എടുത്ത് അർഷ്ദീപിന് വിക്കറ്റ് സമ്മാനിച്ചാണ് താരം മടങ്ങിയത്. ഒരു വശത്ത് ക്യാപ്റ്റൻ മാർഷ് റൺസ് അടിച്ചെടുത്തെങ്കിലും സ്കോർ 44ൽ നിൽക്കേ എട്ടു റൺസെടുത്ത മാത്യു ഷോർട്ടിനെയും നഷ്ടമായി. തുടർന്ന് ക്രീസിലെത്തിയ ജോഷ്വ ഫിലിപ്പുമായി കൂടിച്ചേർന്ന് അടിച്ചെടുത്തത് 55 റൺസാണ്. 99ൽ നിൽക്കേ ഫിലിപ്പിനെയും (37) നഷ്ടമായി. ശേഷം മാത്യു റെൻഷോയെ കൂട്ടുപിടിച്ച് മാർഷ് വിജയത്തിൽ എത്തിച്ചു. മാർഷ് (46), റെൻഷോ (21) എന്നിങ്ങനെയാണ് നേടിയത്.
ഇന്ത്യക്ക് വേണ്ടി അർഷ്ദീപ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
കളിയിലെ താരം ക്യാപ്റ്റൻ മിച്ചൽ മാർഷാണ്. രണ്ടാമത്തെ ഏകദിനം വ്യാഴാഴ്ച നടക്കും.