മസ്‌കത്ത് – റോഡ് അപകടങ്ങളിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നവർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് റോയൽ ഒമാൻ പോലീസ്.
കുറച്ചുദിവസം മുമ്പ് അൽ വുസ്ത ഗവർണറേറ്റിലെ അൽ ദുകം വിലായത്തിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇത്തരം നിയമനടപടികളെ കുറിച്ച് പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകിയത്. സ്വകാര്യതക്കും പൊതുമര്യാദയ്ക്കെതിരെയുള്ള ലംഘനമാണ് ഇതെന്നും പോലീസ് വ്യക്തമാക്കി. ഇത്തരം ദൃശ്യങ്ങൾ കണ്ടു അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ അടക്കമുള്ളവർ ഭയപ്പെടാനും തെറ്റിദ്ധരിക്കാനും സാധ്യതയുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
റോഡ് അപകടങ്ങളും മറ്റും സംഭവിച്ചാൽ രക്ഷാപ്രവർത്തനത്തിന് പകരം ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് കൂടി വരികയാണെന്നും അതിനാൽ തന്നെ ഇത്തരം പ്രവർത്തിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.