മലപ്പുറം – ബസ് ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് അഞ്ചു വയസ്സുകാരനെ വഴിയിൽ ഉപേക്ഷിച്ച് പ്രധാന അധ്യാപികയുടെ ക്രൂരത. മലപ്പുറം ചേലമ്പ്ര സ്കൂളിലെ യുകെജി വിദ്യാർത്ഥിക്കെതിരെയാണ് പ്രധാന അധ്യാപികയുടെ നടപടി . സ്കൂളിലേക്ക് പോയ കുട്ടിയെ മാതാപിതാക്കളെ പോലും അറിയിക്കാതെ വഴിയിൽ ഉപേക്ഷിച്ചു സ്കൂൾ ബസ് പോവുകയായിരുന്നു.
തിങ്കളാഴ്ച സ്കൂളിലേക്ക് പോകാൻ മറ്റു വിദ്യാർത്ഥികളുടെ കൂടെ ബസ് കാത്തുനിന്ന കുട്ടിയെ ബസിൽ കയറ്റാൻ ഡ്രൈവർ സമ്മതിച്ചിരുന്നില്ല. ആയിരം രൂപ ഫീസ് അടക്കാൻ വൈകിയതിന് തുടർന്ന് പ്രധാന അധ്യാപിക പറഞ്ഞിട്ടാണ് കുട്ടിയെ കയറ്റാൻ ഡ്രൈവർ വിസമ്മതിച്ചത്. ഭയപ്പെട്ട കുട്ടി കരഞ്ഞു കൊണ്ട് വീട്ടിലേക്കു മടങ്ങുന്നത് കണ്ട അയൽവാസികളാണ് വീട്ടിലെത്തിച്ചത്. സംഭവത്തിൽ സ്കൂൾ അധികൃതരും പിടിഎ അംഗങ്ങളും വീട്ടിലെത്തി കുടുംബത്തോട് മാപ്പപേക്ഷിച്ചു. നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസിലും പരാതി നല്‍കിയ കുടുംബം കുട്ടിയെ ഇനി ആ സ്‌കൂളില്‍ പഠിപ്പിക്കില്ലയെന്നും തീരുമാനമെടുത്തിട്ടുണ്ട്.