ന്യൂഡൽഹി – ഒരുകാലത്ത് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ടെസ്റ്റ് മത്സരങ്ങൾ മാത്രമായിരുന്ന ക്രിക്കറ്റിൽ പിന്നീട് ഏകദിനം, ടി -20യുടെ കടന്നുവരവ് ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഇതാ ക്രിക്കറ്റിൽ മറ്റൊരു ഫോർമാറ്റിനും കൂടി തുടക്കം കുറിക്കുകയാണ്.
ടെസ്റ്റ് 20 എന്ന പേരിലുള്ള ഈ ഫോർമാറ്റ് ടെസ്റ്റ് ക്രിക്കറ്റിനെയും, ടി -20യെയും ഒരുമിച്ച് രൂപപ്പെടുത്തിയുള്ള ഒരു ഫോർമാറ്റാണ്. ഒരു ദിവസം മാത്രം നീണ്ടു നിൽക്കുന്ന ഈ മത്സരത്തിൽ 20 ഓവറിന്റെ നാല് ഇന്നിങ്സുകളാണ് ഉണ്ടാവുക. അഥവാ 80 ഓവർ. പ്രധാനമായും 13 മുതൽ 19 വയസ്സ് വരെയുള്ള ലക്ഷ്യമിട്ടാണ് പുതിയ ഫോർമാറ്റിന് തുടക്കം കുറിക്കുന്നത്.
അടുത്ത വർഷം ജനുവരിയിൽ ഇന്ത്യയിൽ തുടക്കം കുറിക്കുന്ന ഈ ക്രിക്കറ്റ് ടൂർണമെന്റിന്റെ ആശയത്തിന് പിന്നിൽ ബിസിനസ്കാരനായ ഗൗരവ് ബഹിർവാനിയും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വൺ വൺ നെറ്റ്‌വർക്കുമാണ്.
വെസ്റ്റ് ഇൻഡിസ് ഇതിഹാസ താരം ക്ലൈവ് ലോയ്ഡ്, മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി.ഡിവില്ലിയേഴ്സ്, ഓസ്ട്രേലിയൻ താരമായിരുന്ന മാത്യു ഹൈഡന്‍ എന്നിവരുടെ കൂടെ ഇന്ത്യൻ താരമായ ഹര്‍ഭജന്‍ സിംഗും കൂടി ചേരുന്നതാണ് കമ്പനിയുടെ ഉപദേശക സംഘം.
ടൂർണമെന്റിന്റെ നിയമങ്ങൾ
ജനുവരിയിൽ തുടക്കം കുറിക്കുന്ന ആദ്യ സീസണിൽ ആറു ടീമുകളാണ് പങ്കെടുക്കുക. മൂന്ന് ടീമുകൾ ഇന്ത്യയിൽ നിന്നും മറ്റു മൂന്നു ടീമുകൾ ദുബൈ, ലണ്ടൻ, ഒരു അമേരിക്കൻ നഗരത്തെയും പ്രതിനിധീകരിച്ച് പങ്കെടുക്കും. ഓരോ ഫ്രാഞ്ചൈസിക്കും 16 താരങ്ങളെയാണ് ടീമിലെത്തിക്കാൻ സാധിക്കുക. ഇവരിൽ എട്ടു ഇന്ത്യൻ താരങ്ങളും, എട്ടു വിദേശ താരങ്ങളുമായിരിക്കും.
ഫോർമാറ്റിന്റെ ഘടന
ടെസ്റ്റ് ക്രിക്കറ്റിനെയും ടി-20 ക്രിക്കറ്റിനേയും കോർത്തിണക്കിയുള്ള ഈ ഫോർമാറ്റിൽ 20 ഓവറുള്ള നാല് ഇന്നിങ്സുകളാണ് ഉണ്ടാവുക. ടെസ്റ്റിലെ പോലെ ഓരോ ടീമിനും രണ്ട് ഇന്നിങ്സ് വീതമാണ് ബാറ്റും ബൗളും ചെയ്യാം.
ആദ്യ ഇന്നിങ്സ് ബാറ്റ് ചെയ്ത ടീമിന് 75 റൺസിന് മുകളിൽ ലീഡ് കിട്ടിയാൽ ഫോളോ ഓൺ ചെയ്യാവുന്നതാണ്.
ടി-20യിലെ പോലെ പവർ പ്ലേ ഉണ്ടാകും. നാല് ഓവറുകളാണ് പവർ പ്ലേയിൽ ഉണ്ടാവുക. എന്നാൽ ഏതെങ്കിലും ഒരു ഇന്നിങ്സിൽ മാത്രമേ ഇത് ഉണ്ടാവുകയുള്ളൂ. പവർ പ്ലേ എപ്പോൾ വേണമെന്ന് തീരുമാനമെടുക്കാൻ ക്യാപ്റ്റനാണ് സാധിക്കുക.
ഇനി മറ്റൊരു പ്രത്യേകത ആദ്യം ബാറ്റ് ചെയ്യുന്ന ടീം ഒന്നാം ഇന്നിങ്സിൽ 10 ഓവറുകൾക്കുള്ളിൽ ഓൾ ഔട്ടായാൽ എതിർ ടീമിന് മൂന്ന് ഓവറുകൾ കൂടുതൽ ലഭിക്കുന്നതാണ്. എന്നാൽ ഇത് രണ്ടാം ഇന്നിങ്സിൽ സാധിക്കുന്നതല്ല.