ഗാസ – ഗാസയില്‍ ഒമ്പതു ഫലസ്തീനികളെ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഇതേ തുടര്‍ന്ന് ഇസ്രായില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഹമാസ് ആരോപിച്ചു. ഇന്ന് രാവിലെ ഷെല്ലാക്രമണത്തിലൂടെയും വെടിവെപ്പിലൂടെയും അധിനിവേശ സൈന്യം ഏതാനും ഗാസ നിവാസികളെ കൊലപ്പെടുത്തിയത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു. ഇസ്രായിലിന്റെ പെരുമാറ്റം നിരീക്ഷിക്കണമെന്നും ഗാസ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിബദ്ധതയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഇസ്രായിലിനെ അനുവദിക്കരുതെന്നും ഹാസിം ഖാസിം ആവശ്യപ്പെട്ടു.
ഗാസ നഗരത്തിന് കിഴക്കുള്ള ശുജാഇയ ഡിസ്ട്രിക്ടില്‍ ഇസ്രായില്‍ ആക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ പരിശോധിക്കുകയായിരുന്ന ഫലസ്തീനികള്‍ക്കു നേരെ ഇസ്രായില്‍ ഡ്രോണുകള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറഞ്ഞു. മഞ്ഞ രേഖ കടന്ന് വടക്കന്‍ ഗാസ മുനമ്പില്‍ സൈനിക നടപടികളില്‍ പങ്കെടുക്കുന്ന സൈന്യത്തെ സമീപിച്ച സംശയിക്കപ്പെടുന്ന ഏതാനും പേരെ തിരിച്ചറിഞ്ഞാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടു.
ഇന്ന് രാവിലെ, മഞ്ഞ രേഖ കടന്ന് വടക്കന്‍ ഗാസ മുനമ്പില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രായില്‍ പ്രതിരോധ സേനയുടെ സമീപത്തേക്ക് അടുക്കുന്ന ഏതാനും സംശയിക്കപ്പെടുന്നവരെ കണ്ടെത്തി. ഇത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് – ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. ഇവരെ പ്രദേശത്തു നിന്ന് അകറ്റിനിര്‍ത്താന്‍ ഏതാനും ശ്രമങ്ങള്‍ നടത്തി. അവര്‍ നിര്‍ദേശങ്ങള്‍ നിരാകരിക്കുകയും തുടര്‍ന്നും സൈന്യത്തിന് സമീപത്തേക്ക് നീങ്ങുകയും ചെയ്തു. തുടര്‍ന്ന് ഭീഷണി ഇല്ലാതാക്കാന്‍ അവര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഗാസ മുനമ്പിലെ താമസക്കാര്‍ ഇസ്രായില്‍ സൈന്യത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം. പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സേനയെ സമീപിക്കരുതെന്നും സൈനിക വക്താവ് ആവശ്യപ്പെട്ടു.
ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനിസില്‍ ഇസ്രായിലി ഡ്രോണ്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ മറ്റിടങ്ങളില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ വേറെ മൂന്നു പേരും കൊല്ലപ്പെട്ടു. റഫയുടെ വടക്കുപടിഞ്ഞാറുള്ള അല്‍ശാകൂശ് പ്രദേശത്തത്ത് ഇസ്രായില്‍ സൈന്യം കനത്ത വെടിവെപ്പ് നടത്തിയതായും റഫയിലെ അല്‍മവാസിയില്‍ ഡ്രോണുകള്‍ താഴ്ന്നു പറന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച, ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ പ്രഖ്യാപിക്കുകയും ഹമാസും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്രാബല്യത്തില്‍ വരികയും ചെയ്തു.