ജിദ്ദ – ലോകകപ്പ് യോഗ്യത നാലാം റൗണ്ട് മത്സരത്തിൽ ഗ്രൂപ്പ് ബി യിലെ ലോകകപ്പ് കളിക്കാൻ അവസരം ലഭിക്കുന്ന ആ ഭാഗ്യവാന്മാർ ആരാണെന്ന് ഇന്നറിയും. ഇന്ന് ഇന്ത്യൻ സമയം രാത്രി 12:15ന് ( സൗദി 9:45 PM) ജിദ്ദ സ്റ്റേഡിയത്തിൽ ഇറാഖിനെതിരെ കളത്തിൽ ഇറങ്ങുമ്പോൾ സൗദിക്ക് ഇത് ജീവന്മരണ പോരാട്ടം കൂടിയാണ്.
ഒരു സമനില മതിയാകും ഫുട്ബോൾ ലോകകപ്പിലെ വേദികളിൽ പന്ത് തട്ടാൻ. എന്നാൽ ഒരു പിഴവ് പറ്റിയാൽ എല്ലാം നഷ്ടമാകും. പ്രതീക്ഷിക്കാതെയുള്ള തോൽവി നേരിട്ടുള്ള അവസരം നഷ്ടപ്പെടുത്തുമെങ്കിലും സ്വന്തം കാണികൾക്ക് മുന്നിൽ ഒരു സമനില എങ്കിലും മതി സൗദിക്ക് തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് വേദിയിൽ എത്താൻ.
ഇരു ടീമുകൾക്കും പോയിന്റും, ഗോൾ വ്യത്യാസവും തുല്യമായി നിൽക്കുമ്പോൾ
സൗദിക്ക് ഗുണകരമാകുന്നത് നേടിയ ഗോളുകളുടെ എണ്ണമാണ്. ഇറാഖ് ആകെ നേടിയത് ഒരു ഗോൾ ആണെങ്കിൽ സൗദി മൂന്നു ഗോളുകളാണ് നേടിയത്. എങ്കിലും ഇറാഖിനെ ഭയക്കുക തന്നെ വേണം. മികച്ച പ്രതിരോധനിരയുള്ള ഇറാഖ് ഫിഫ റാങ്കിങ്ങിൽ ഒരു പടി മുന്നിലാണ്. സൗദി 59 റാങ്ക് ആണേൽ ഇറാഖ് 58 ആണ്.
ഖത്തർ ലോകകപ്പിൽ അർജന്റീനക്കെതിരെ ചരിത്ര വിജയം സ്വന്തമാക്കുമ്പോൾ പരിശീലകനായിരുന്ന ഹെർവ് റെനാർഡിന്റെ കീഴിൽ തന്നെയാണ് ഇന്നിറങ്ങുന്നത്. ഒരിക്കൽ കൂടി ചരിത്ര വിജയം സ്വന്തമാക്കാൻ അദ്ദേഹത്തിന്റെ കീഴിൽ ഇറങ്ങുന്ന സൗദി ടീമിന് കഴിയുമോ എന്ന് കണ്ടറിയാം.