ന്യൂഡല്‍ഹി– അമേരിക്കക്ക് പുറത്തെ ഏറ്റവും വലിയ ഗൂഗിള്‍ എ.ഐ ഹബ്ബ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥാപിക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ട് സര്‍ക്കാരും ഗൂഗിളും. ഇന്ത്യയിലെ ആദ്യത്തെ എഐ ഹബ്ബ് സ്ഥാപിക്കുന്നതിനുളള ധാരണാപത്രമാണ് ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റേയും ഗൂഗിളിന്റേയും പ്രതിനിധികള്‍ കൈമാറിയത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ റെയില്‍വേ, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ്, ധനകാര്യ-കോര്‍പ്പറേറ്റ് കാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; ആന്ധ്രാപ്രദേശ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്, ആര്‍ടിജി, എച്ച്ആര്‍ഡി മന്ത്രി ലോകേഷ്, ഗൂഗിള്‍ ക്ലൗഡിന്റെ സിഇഒ തോമസ് കുര്യന്‍, ഗൂഗിള്‍ ക്ലൗഡിന്റെ ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കപ്പാസിറ്റി വൈസ് പ്രസിഡന്റ് ബികാഷ് കോലി എന്നിവരാണ് ധാരണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തത്.
15 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലാണ് എ ഐ ഹബ്ബ് നിലവില്‍ വരിക. അദാനികോണക്സ്, എയര്‍ടെല്‍ എന്നിവയുമായി സഹകരിച്ചാണ് ഹബ്ബിന്റെ പ്രവര്‍ത്തനം. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രയോജനപ്പെടുമെന്ന് മാത്രമല്ല വിശാഖപട്ടണം എ ഐ ഹബ്ബ് ഒരു ആഗോള സാങ്കേതിക ബിസിനസ്സ് ഹബ്ബായി മാറുകയും ചെയ്യും. ഗിഗാവാട്ട്-സ്‌കെയില്‍ കമ്പ്യൂട്ട്, പുതിയ അന്താരാഷ്ട്ര സമുദ്രാന്തര ഗേറ്റ്വേ, വലിയ തോതിലുള്ള ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് പദ്ധതിയുടെ സവിശേഷതകള്‍.
ഗിഗാവാട്ട്-സ്‌കെയില്‍ കമ്പ്യൂട്ട് ശേഷിയോടെയുള്ള ഡാറ്റാ സെന്റര്‍ ക്യാമ്പസ് ഉള്‍പ്പെടുന്നതാവും ഹബ്ബ്. സെര്‍ച്ച്, യൂട്യൂബ്, വര്‍ക്ക്സ്പെയ്സ് തുടങ്ങിയ ആഗോള ഗൂഗിള്‍ സേവനങ്ങളെ ശക്തിപ്പെടുത്തുന്ന രീതിയിലാണ് സജ്ജീകരണം. ബിസിനസുകള്‍, ഡെവലപ്പര്‍മാര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടുത്താനുതകുംവിധം ഉയര്‍ന്ന സജ്ജീകരണവും കൂടാതെ കുറഞ്ഞ ലേറ്റന്‍സി സേവനങ്ങളും ലഭ്യമാവും. വന്‍കിട സംരംഭങ്ങള്‍ക്ക് മാത്രമല്ല നൂതന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒരുപോലെ അവരുടെ സ്വന്തം എ.ഐ പവര്‍ സൊല്യൂഷനുകള്‍ നിര്‍മ്മിക്കുന്നതിനും സ്‌കെയില്‍ ചെയ്യുന്നതിനും ആവശ്യമായ വിശ്വസനീയവും നൂതനവുമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കും. കൂടാതെ ആത്യന്തികമായി നിര്‍മ്മിത ബുദ്ധി നയിക്കുന്ന ഭാവി ലോകത്തിന് ആഗോള തലത്തില്‍ തന്നെ നേതൃപരമായി ഇന്ത്യയെ മാറ്റാനും ഈ ഹബ്ബ് ഉപകരിക്കുമെന്നാണ് സാങ്കേതിക വിദഗ്ദ്ധരുടെ നിരീക്ഷണം.
അതിനിടെ എ.ഐ ഹബ്ബിനെക്കുറിച്ചുള്ള പദ്ധതികള്‍ സംബന്ധിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ‘വിശാഖപട്ടണത്തെ ആദ്യത്തെ ഗൂഗിള്‍ എഐ ഹബ്ബിനായുള്ള പദ്ധതികള്‍ പങ്കുവെക്കാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചത്. ഏറെ സന്തോഷമുണ്ട്. ഇത് വികസനത്തിന്റെ നാഴികക്കല്ലായി മാറും.”- സുന്ദര്‍ പിച്ചൈ തന്റെ എക്‌സില്‍ പങ്കുവെച്ചു. ധാരണാപത്രം കൈമാറല്‍ ചടങ്ങിന് ശേഷമായിരുന്നു പിച്ചൈ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.