കുവൈത്ത് സിറ്റി– കുവൈത്തിൽ ഇനി മരുന്നുകൾ വെൻഡിങ് മെഷീനുകൾ വഴി ലഭ്യമാകും. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിയമപ്രകാരം സ്വകാര്യ ഫാർമസികൾക്ക് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചു. മരുന്നുകളുടെ ലഭ്യത വർധിപ്പിക്കുക, ഫാർമസ്യൂട്ടിക്കൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, സുരക്ഷിതവും നിയന്ത്രിതവുമായ വിതരണം ഉറപ്പാക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങൾ.
വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും കർശനമായ മാർഗനിർദേശങ്ങൾ പാലിക്കണം. സ്വകാര്യ ഫാർമസികൾക്ക് മാത്രമാണ് ഇവ സ്ഥാപിക്കാൻ അനുമതി. ഇതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ ഡ്രഗ് ഇൻസ്‌പെക്ഷൻ വിഭാഗത്തിൽ നിന്ന് ഇലക്ട്രോണിക് അപേക്ഷ വഴി പ്രത്യേക ലൈസൻസ് നേടണം. ഫാർമസിക്ക് സാധുവായ പ്രവർത്തന ലൈസൻസ് ഉണ്ടായിരിക്കണം. മരുന്നുകളുടെ ഗുണനിലവാരം സംരക്ഷിക്കാൻ, മെഷീനുകൾക്കുള്ളിലെ താപനില 25°C-ന് മുകളിൽ പോകാൻ പാടില്ല. കാലാവധി കഴിഞ്ഞതോ രജിസ്റ്റർ ചെയ്യാത്തതോ ആയ മരുന്നുകൾ വിൽക്കാൻ അനുവദനീയമല്ല. മന്ത്രാലയം അംഗീകരിച്ച മരുന്നുകൾ മാത്രമേ വിതരണം ചെയ്യാവൂ. ലൈസൻസുള്ള ഫാർമസിസ്റ്റോ ടെക്‌നീഷ്യനോ മെഷീന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കണം.
ഒരു ഫാർമസിക്ക് പരമാവധി അഞ്ച് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാം, ഓരോ മെഷീനും തമ്മിൽ കുറഞ്ഞത് 100 മീറ്റർ ദൂരം ഉണ്ടായിരിക്കണം. മെഷീനുകളുടെ ലൈസൻസ് കാലാവധി ഒരു വർഷമാണ്, എല്ലാ വ്യവസ്ഥകളും പാലിച്ചാൽ ലൈസൻസ് പുതുക്കാം. നിയമലംഘനങ്ങൾക്ക് കർശന ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.