തെല്‍അവീവ് – രണ്ടു വര്‍ഷം നീണ്ട വിനാശകരമായ യുദ്ധത്തിലൂടെ നേടാനാകാത്തത് സമാധാന കരാറിലൂടെ അവസാനം കൈവരിക്കാന്‍ ഇസ്രായിലിന് സാധിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 67,000 ലേറെ ഫലസ്തീനികളെ കൂട്ടക്കുരുതി നടത്തിയിട്ടും ഗാസയെ മുച്ചൂടും തകര്‍ത്ത് തരിപ്പണമാക്കിയിട്ടും ലക്ഷക്കണക്കിന് ഫലസ്തീനികളെ പലതവണ മാറിമാറി പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടും ഒരു ബന്ദിയെ പോലും ഇസ്രായില്‍ സൈന്യത്തിന് ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തങ്ങളുടെ പക്കലുള്ള, ജീവിച്ചിരിക്കുന്ന 20 ഇസ്രായിലി ബന്ദികളെയും രണ്ടു സംഘങ്ങളായി ഹമാസ് ഇന്ന് റെഡ് ക്രോസ് വഴി ഇസ്രായിലിന് കൈമാറി. ആദ്യ സംഘത്തില്‍ ഏഴു പേരും രണ്ടാമത്തെ സംഘത്തില്‍ പതിമൂന്നു പേരുമാണുണ്ടായിരുന്നത്. ലോകത്തെ മുഴുവന്‍ ധിക്കരിച്ച്, അമേരിക്കയുടെ അന്ധമായ പിന്തുണയിലൂടെ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും ബന്ദികളെ മുഴുവന്‍ തിരികെ എത്തിക്കുമെന്നും വീമ്പിളിക്കിയാണ് നെതന്യാഹു ഉന്മൂലന യുദ്ധം തുടര്‍ന്നത്. ഈ രണ്ടു ലക്ഷ്യങ്ങളും കൈവരിക്കുന്നതില്‍ നെതന്യാഹു അമ്പേ പരാജയപ്പെട്ടു.


ഹമാസിന്റെ പക്കല്‍ ഇനി ജീവിച്ചിരിക്കുന്ന ബന്ദികളില്ലെന്ന് ഇസ്രായിലിന്റെ ചാനല്‍ 12 പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതി നടപ്പിലാക്കി ബന്ദികളെ കൈമാറിയതായി ഹമാസ് വ്യക്തമാക്കി. വെള്ളവും ഭക്ഷണവും വൈദ്യുതിയും മരുന്നുകളും വിലക്കിയും ഇടതടവില്ലാതെ വ്യോമാക്രമണം നടത്തിയും ഗാസയെ ഇസ്രായില്‍ നരകമാക്കി മാറ്റിയിട്ടും ഹമാസ് വിട്ടയച്ച ബന്ദികള്‍ സുഖമായിരിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ജീവപര്യന്തം അടക്കം ദീര്‍ഘകാല തടവ് ശിക്ഷ അനുഭവിക്കുന്ന 154 ഫലസ്തീന്‍ തടവുകാരെ ഇസ്രായില്‍ ജയിലുകളില്‍ നിന്ന് മോചിപ്പിച്ചതായും ഇവര്‍ ഈജിപ്തിലെത്തിയതായും ഇവരെ പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്നും ഹമാസിനു കീഴിലെ പ്രിസണേഴ്‌സ് അഫയേഴ്‌സ് ഓഫീസ് അറിയിച്ചു. ജീവപര്യന്തവും ദീര്‍ഘകാല തടവും അനുഭവിക്കുന്ന 96 ഫലസ്തീനികളെ ഒഫര്‍ ജയിലില്‍ നിന്ന് വിട്ടയച്ചു. ഇവര്‍ റാമല്ലയില്‍ എത്തി. തനിക്ക് അഞ്ചു മക്കളുണ്ടെന്നും ഇവരെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്നും ഇരുപത്തിനാലു വര്‍ഷം നീണ്ട ജയില്‍ ജീവിതത്തിനു ശേഷം മോചിതനായ ഫലസ്തീനി പറഞ്ഞു. ജയില്‍ മോചിതരായവരെ സ്വീകരിക്കാന്‍ ബന്ധുക്കളും നാട്ടുകാരും അടക്കമുള്ള വന്‍ജനാവലി റാമല്ല കള്‍ച്ചറല്‍ പാലസില്‍ ഏറെ നേരത്തെ തന്നെ എത്തിയിരുന്നു. റെഡ് ക്രസന്റ് ബസുകളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ പുതുപ്പുലരിയില്‍ ഉറ്റവരുടെയും ബന്ധുക്കളുടെയും സ്‌നേഹോഷ്മളതയിലേക്ക് ഫലസ്തീനി തടവുകാര്‍ പുറത്തിറങ്ങി. ദശകങ്ങള്‍ നീണ്ട വേര്‍പാടിനു ശേഷം ആദ്യമായി കണ്ടുമുട്ടിയവര്‍ പരസ്പരം ആശ്ലേഷിച്ചും വാരിപ്പുണര്‍ന്നും ചുംബനങ്ങള്‍ നല്‍കിയും കരച്ചിലടക്കാന്‍ പാടുപെട്ടും വികാരവായ്പുകള്‍ പ്രകടിപ്പിച്ചു.
കരാറിന്റെ ആദ്യ ഘട്ടത്തിലെ വിശദാംശങ്ങള്‍ അനുസരിച്ച്, 2023 ഒക്ടോബര്‍ ഏഴിന് യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഗാസ മുനമ്പില്‍ നിന്ന് പിടികൂടിയ 1,718 പേരെയും ദീര്‍ഘനാളത്തെ തടവും ജീവപര്യന്തം തടവും അനുഭവിക്കുന്ന 250 ഫലസ്തീന്‍ തടവുകാരെയും ഇസ്രായില്‍ മോചിപ്പിക്കും.