ലോകം മുഴുവൻ ശ്വാസം മടക്കി പിടിച്ച ഒരു സംഭവമായിരുന്നു ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിലെ ഒരു ഖനിയിൽ 33 തൊഴിലാളികൾ കുടുങ്ങിയതും , 69 ദിവസത്തിനു ശേഷം അഥവാ ഒക്ടോബർ 13ന് അവരെ എല്ലാവരെയും തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് രക്ഷിച്ചതും.
ചിലിയിലെ പ്രധാന ഖനികളിൽ ഒന്നാണ് കോപിയാപോ നഗരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന സാൻ ജോസെ. പ്രധാനമായും സ്വർണവും ചെമ്പുമെല്ലാം കുഴിച്ചെടുക്കുന്ന ഈ ഖനിയിൽ 2010 ആഗസ്റ്റ് അഞ്ചിന് ഒരു ഭീകരമായ മണ്ണിടിച്ചിൽ ഉണ്ടാകുന്നു. ലോകത്തെ നടുക്കിയ ആ ദുരന്തത്തിൽ കുടുങ്ങിയത് 19 വയസ്സ് മുതൽ 63 വയസ്സ് വരെയുള്ള 33 തൊഴിലാളികളാണ്. ഏകദേശം ഭൂനിരപ്പിൽ നിന്ന് 2041 അടി (700 മീറ്റർ) താഴെയാണ് ഇവരെല്ലാം കുടുങ്ങിയത്.
വളരെ പെട്ടെന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും വളരെയേറെ ബുദ്ധിമുട്ടുകൾ നേരിട്ടു. ഇതിനിടയിൽ വീണ്ടും പാറകളും മണ്ണും എല്ലാം അടിഞ്ഞുകൂടിയതിനാൽ രക്ഷാപ്രവർത്തനം ദിവസങ്ങളോളം നീണ്ടും.
ആ 33 പേരുടെ ജീവനിലും പ്രതീക്ഷ കൈവിട്ട ഗവൺമെന്റ് മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറാനുള്ള പദ്ധതി ആരംഭിച്ചു.
ഇതിന്റെ ഭാഗമായി ആഗസ്റ്റ് 22ന് ചെറിയ ഒരു റിഗ്ഗ് കൊണ്ട് ചെറിയൊരു ബോള്‍ ഹോള്‍ നിർമിക്കാൻ തുടങ്ങി. ഏകദേശം 2400 അടിയിലേക്ക് ഈ റിഗ്ഗ് എത്തിയപ്പോൾ പലതരത്തിലുള്ള വൈബ്രേഷനുകൾ രക്ഷാപ്രവർത്തകർ ശ്രദ്ധിച്ചു. വളരെ പെട്ടെന്ന് അവർ റിഗ്ഗ് എടുത്തുമാറ്റിയപ്പോഴാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയുള്ള ഒരു കുറിപ്പ് ശ്രദ്ധയിൽപ്പെട്ടത്.
” ഞങ്ങൾ 33 പേരും സുരക്ഷിതരാണ്” എന്ന ആ കുറിപ്പ് ലോകം മുഴുവൻ ആശ്ചര്യത്തോടെയും അത്ഭുതത്തോടെയുമാണ് നോക്കി കണ്ടു.
ഖനിക്കുള്ളിൽ കുടുങ്ങി എന്നു മനസ്സിലാക്കിയ മുതൽ ആ 33 പേരും കയ്യിലുണ്ടായിരുന്ന ഭക്ഷണവും വെള്ളവുമെല്ലാം വളരെ മിതത്തോട് ഉപയോഗിച്ചതാണ് ഇവരുടെയെല്ലാം ജീവൻ നിലനിർത്തിയത്. ആ ഇരുട്ട് നിറഞ്ഞ ഭൂമിക്കടിയിൽ അവർക്ക് വെളിച്ചം നൽകിയത് ഒരുമിച്ചുള്ള സഹകരണം ആയിരുന്നു. ഹെൽമെറ്റിൽ ഘടിപ്പിച്ച ടോർച്ച് ഓരോ ദിവസവും ഓരോരുത്തരും പ്രവർത്തിപ്പിച്ചാണ് ആ ഭൂഗർഭനിരപ്പിൽ വെളിച്ചം നിറച്ചത്.
ഇവരെല്ലാം ജീവനോടെ ഉണ്ടെന്ന് അറിഞ്ഞതോടെ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ചിലിയിലേക്കായി. ജീവൻ നിലനിർത്തേണ്ട നിർദ്ദേശങ്ങളും, സന്ദേശങ്ങളും എല്ലാം നൽകാൻ നാസയുടെ ഒരു സംഘവും ഇവിടെയെത്തി. ഇവരുടെ നിർദ്ദേശപ്രകാരം ദ്രാവക രൂപത്തിലുള്ള ഭക്ഷണമായിരുന്നു ആ തൊഴിലാളികൾക്ക് രക്ഷാപ്രവർത്തകർ നൽകിയിരുന്നത്. പ്രതീക്ഷകൾ കൈവിട്ടിരുന്ന ആ തൊഴിലാളികൾക്ക് പ്രതീക്ഷകൾ നൽകാനും രക്ഷാപ്രവർത്തകർ മറന്നിരുന്നില്ല.
ഗവൺമെന്റിന്റെയും, മറ്റു ഉദ്യോഗസ്ഥരുടെയും എല്ലാം നിരന്തരമായ ചർച്ചകൾക്കൊടുവിൽ എല്ലാവരെയും രക്ഷിക്കണമെങ്കിൽ പാറകളെല്ലാം സൂക്ഷിച്ച് നീക്കണമെന്ന് മനസ്സിലായി. അതിനാൽ തന്നെ ആകെ സഹായകരമാവുക വലിയൊരു ബോർ ഹോൾ ഉണ്ടാക്കിയുള്ള രക്ഷാപ്രവർത്തനമായിരുന്നു. വേറെ വഴികൾ ഒന്നും ഇല്ലാത്തതിനാൽ ഈ രീതിയിൽ മുന്നോട്ടു പോകാൻ തീരുമാനിച്ചു.
എന്നാൽ ഈ നീക്കത്തിനായി വലിയ ഒരു റിഗ്ഗ് ആവശ്യമായിരുന്ന ഇവർക്ക് സഹായവുമായി എത്തിയത് കാനഡയായിരുന്നു . ഉടനെ രക്ഷാപ്രവർത്തനം ആരംഭിച്ച ഇവർക്ക് പലതരത്തിലുള്ള സഹായവുമായി നിരവധി ലോകരാജ്യങ്ങളിൽ എത്തി. പാറകൾ എടുത്തു മാറ്റാനുള്ള യന്ത്രങ്ങളുമെല്ലാം അവിടെ എത്തിച്ചേർന്നു. ഈ സമയങ്ങളിൽ എല്ലാം 33 പേരും അവരുടെ കുടുംബങ്ങളുമായി എല്ലാം സംസാരിക്കുകയും ചെയ്തു.
എന്നാൽ അവരെ എങ്ങനെ പുറത്തെത്തിക്കും എന്നതിൽ സംശയിച്ച രക്ഷാപ്രവർത്തകർക്ക് സഹായവുമായി ചില എഞ്ചിനീയർമാർ എത്തി. ഒരാൾക്ക് നിൽക്കാൻ പറ്റുന്ന രീതിയിലുള്ള ഒരു ക്യാപ്സൂൾ ലിഫ്റ്റ് എന്ന പദ്ധതിയാണ് ഇവർ മുന്നോട്ടുവെച്ചത്.
അങ്ങനെ സുരക്ഷകൾ എല്ലാം ഉറപ്പാക്കിയ അവർ 69 ദിവസങ്ങൾക്ക് ശേഷം അഥവാ ഒക്ടോബർ 12 ചിലി സമയം രാത്രി 11:55 ന് ആ ചെറിയ ക്യാപ്സൂൾ ലിഫ്റ്റ് ഭൂമിക്കടിയിലേക്ക് പ്രവേശിക്കുകയും 16 മിനിറ്റുകൾക്ക് ശേഷം ( ഒക്ടോബർ 13 രാത്രി 12:11) ആദ്യം രക്ഷപ്പെടുത്തിയത് ഫ്ളോറൻസിയോ അവാലോസ് എന്ന തൊഴിലാളിയൊയിരുന്നു. ഏകദേശം 22 മണിക്കൂറോളം നീണ്ട പ്രവർത്തനത്തിനൊടുവിൽ ബാക്കി 32 പേരെയും തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് എത്തിച്ചതോടെ ആ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കി.
രക്ഷാപ്രവർത്തനത്തിന് അവർ ഉപയോഗിച്ച ലിഫ്റ്റിന് ഒരു പേരും നൽകിയിരുന്നു. ചാരത്തിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പ് എന്ന അർത്ഥം വരുന്ന ഫീനിക്സ് എന്നാണ് ആ പേര്.
ഈ 33 പേരുടെ അതിജീവത്തെ കുറിച്ച് പിന്നീട് ഒരു സിനിമയും ഇറങ്ങി. പട്രീഷ്യ റിഗ്ഗൻ എന്ന പ്രശസ്ത മെക്സിക്കൻ സംവിധായിക 2015ൽ പുറത്തിറങ്ങിയ ആ സിനിമയുടെ പേര് ‘ദി 33’ എന്നായിരുന്നു