ദുബായ് – കനത്ത മഴയെ തുടര്‍ന്ന് ദുബായ് എയര്‍പോര്‍ട്ട് വെള്ളത്തില്‍ മുങ്ങി. വെള്ളം നിറഞ്ഞ റണ്‍വേക്കു സമീപം വിമാനങ്ങള്‍ നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് വരികയായിരുന്ന വിമാനങ്ങള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരിച്ചുവിട്ടു. കാലാവസ്ഥ മെച്ചപ്പെടുന്നതു വരെ എയര്‍പോര്‍ട്ട് പൂര്‍ണമായും അടച്ചിട്ടു.
കഴിഞ്ഞ 48 മണിക്കൂറിനിടെ യു.എ.ഇയിലും ഒമാനിലും ബഹ്‌റൈനിലും പേമാരി കോരിച്ചൊരിഞ്ഞു. ഒമാനില്‍ ദഫാറും അല്‍വുസ്തയും ഒഴികെയുള്ള മുഴുവന്‍ ഗവര്‍ണറേറ്റുകളിലും സര്‍ക്കാര്‍, സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച വരെ അവധി നല്‍കി. പകരം ഓണ്‍ലൈന്‍ രീതിയില്‍ ക്ലാസുകള്‍ നടക്കും. വ്യാഴാഴ്ച സ്‌കൂളുകള്‍ പഴയപടി തുറന്ന് പ്രവര്‍ത്തിക്കും.
അഞ്ചു ഗവര്‍ണറേറ്റുകളില്‍ ഇന്നലെ സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് അവധി നല്‍കിയിരുന്നു. ദുബായിലും അബുദാബിയിലും പ്രധാന റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. നിരവധി കാറുകള്‍ വെള്ളത്തില്‍ കുടുങ്ങി. ദുബായ് എയര്‍പോര്‍ട്ടില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി.