ഗാസ– ഇസ്രായിലും ഹമാസും വെടിനിർത്തൽ കരാർ ഒപ്പുവെച്ചതിന്റെ ഭാഗമായി ഗാസയിൽ നിന്ന് ഇസ്രായിൽ സൈന്യം പിൻവാങ്ങുന്നു. ഇന്ന് ഉച്ചക്ക് പ്രാദേശിക സമയം 12 മണിക്കാണ് ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഇതോടെ അഭയാർഥി ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന ഗാസ നിവാസികൾ കൂട്ടത്തോടെ തങ്ങളുടെ വീടുകൾ നിന്നിരുന്ന പ്രദേശങ്ങളിലേക്ക് മടങ്ങാൻ തുടങ്ങി. തകർന്ന വീടുകളാണെങ്കിലും സ്വന്തം സ്ഥലത്ത് എത്തിച്ചേരാൻ കഴിഞ്ഞ സന്തോഷത്തിലാണ് കുടുംബങ്ങൾ. ചില പ്രത്യേക സേനാ വിഭാഗങ്ങളെ ഗാസയിൽ നിന്ന് പൂർണമായും പിൻവലിച്ചു. പീരങ്കി ഷെല്ലാക്രമണത്തിന്റെയും വ്യോമാക്രമണത്തിന്റെയും മറവിലാണ് ചില പ്രദേശങ്ങളിൽ സൈനിക പിന്മാറ്റം നടന്നത്.
ഗാസ സിറ്റിയിൽ നിന്നും ഖാൻ യൂനിസിൽ നിന്നും ഇസ്രായിൽ സൈന്യം പിൻവാങ്ങാൻ തുടങ്ങിയതായി ഗാസ സിവിൽ ഡിഫൻസ് അറിയിച്ചു. ഹമാസുമായുള്ള കരാറിന് ഇസ്രായിൽ സർക്കാർ ഔദ്യോഗിക അംഗീകാരം നൽകി 24 മണിക്കൂറിനുള്ളിൽ (ഇന്ന് വൈകുന്നേരത്തോടെ) ഇസ്രായിൽ സൈന്യം പൂർണമായും പിൻവാങ്ങുമെന്നാണ് വിവരം. എങ്കിലും ഗാസ മുനമ്പിന്റെ ഏകദേശം 53 ശതമാനം ഇസ്രായിലിന്റെ നിയന്ത്രണത്തിൽ തന്നെ തുടരും. ഇതിൽ ഭൂരിഭാഗവും നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളാണ്. ഫിലാഡെൽഫി ഇടനാഴി (ഈജിപ്തിനും ഗാസക്കും ഇടയിലുള്ള അതിർത്തി) അടക്കമുള്ള ഗാസ അതിർത്തിയിലുള്ള ബഫർ സോൺ, ഗാസ മുനമ്പിന്റെ വടക്കേയറ്റത്തുള്ള ബെയ്ത്ത് ഹാനൂൻ, ബെയ്ത്ത് ലാഹിയ, ഗാസ നഗരത്തിന്റെ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലെ ഉയർന്ന പ്രദേശങ്ങൾ, തെക്കൻ ഗാസ മുനമ്പിലെ റഫയുടെയും ഖാൻ യൂനിസിന്റെയും വലിയ ഭാഗങ്ങൾ എന്നിവ ഇസ്രായിൽ സൈന്യത്തിന്റെ നിയന്ത്രണത്തിൽ തുടരും.
നേരത്തെ ഗാസ നഗരത്തിൽ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതിനു മുമ്പ് നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കുറഞ്ഞത് 10 മൃതദേഹങ്ങളെങ്കിലും കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു. വെടിനിർത്തൽ വാർത്ത അറിഞ്ഞ ഉടനെ ഗാസ നഗരത്തിലേക്ക് മടങ്ങാൻ തയാറെടുത്തതായി ഗാസ സ്വദേശി പറഞ്ഞു.’ഞങ്ങളുടെ വീട് ഇപ്പോഴും നിലനിൽക്കുന്നു, പക്ഷെ പ്രദേശം മുഴുവൻ സ്ഥലവും തകർന്നിരിക്കുകയാണ്. അയൽവാസികളുടെ വീടുകളെല്ലാം നശിപ്പിക്കപ്പെട്ടു’ ഗാസ നഗരത്തിലെ ശൈഖ് നഗരത്തിലെ റദ്വാൻ ജില്ലിയിലെ 40 കാരനായ ഇസ്മായിൽ സായിദ പറഞ്ഞു.