ജിദ്ദ– സൗദി അറേബ്യയിൽ സന്ദർശനത്തിനെത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടികളിൽ യുഡിഎഫ് ഘടക കക്ഷികളുടെ പ്രവാസി വിഭാഗം സഹകരിക്കേണ്ടതില്ലെന്ന് സൗദി കെഎംസിസി നാഷണൽ കമ്മിറ്റി. കഴിഞ്ഞ പത്ത് വർഷത്തോളമായി യഥാർത്ഥ പ്രവാസി വിഷയങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് മുഖ്യമന്ത്രി. രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് പ്രവാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന സർക്കാറും മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ഇത്തര സന്ദർശനവുമായി രംഗത്തിറങ്ങുന്നത് രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന് കെഎംസിസി വിലയിരുത്തുന്നു.
മലയാളം മിഷൻ ഒരുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ജിദ്ദയിൽ എത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ സൗദിയിലെ മുഖ്യധാരാ സംഘടനകളിൽ പ്രധാനപ്പെട്ട കെഎംസിസിയെ ഇക്കാലമത്രയും മലയാളം മിഷൻ പരിപാടികളിൽ പങ്കെടുപ്പിക്കുകയോ ക്ഷണിക്കുകയോ ചെയ്യാറില്ല. ഈ കൂട്ടായ്മ പൂർണ്ണമായും ഇടതുപക്ഷ സംഘടനകളുടെ വേദിയാണെന്നും മുഖ്യമന്ത്രിയുടെ സന്ദർശന വേളയിൽ മാത്രം കെഎംസിസി ഉൾപ്പെടെയുള്ള സംഘടനകളെ ക്ഷണിക്കുന്നത് ഹിഡൻ അജണ്ടയുടെ ഭാഗമാണെന്നും സൗദി കെഎംസിസി നാഷണൽ കമ്മിറ്റി പുറത്തിറക്കിയ സർക്കുലറിൽ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനത്തിൽ സഹകരിക്കേണ്ടതില്ലെന്ന് യുഡിഎഫ് അറിയിച്ചിരുന്നു. ഇക്കാര്യം കെഎംസിസിയെ നേതാക്കൾ അറിയിച്ചതിനെ തുടർന്നാണ് സർക്കുലർ ഇറക്കിയതെന്നാണ് വിവരം.
‘കോവിഡ് കാലത്ത് നാട്ടിലേക്ക് വരാൻ ആഗ്രഹിച്ച പ്രവാസികൾക്ക് തടസം സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. യുഡിഎഫ് നേതാവ് പ്രവാസികൾ ഉന്നയിച്ച ഒരു പ്രശ്‌നത്തിനും പരിഹാരം കാണാത്ത മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്‌കരിക്കാൻ യുഡിഎഫ് യോഗം തീരുമാനിച്ചിട്ടുണ്ട്.’- ഒരു നേതാവ് കെഎംസിസിക്ക് അയച്ച ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കി.