കോഴിക്കോട്- യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിന് ആവശ്യമായ നിയമനടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിന് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ചർച്ചകൾ നടത്തിവരികയാണെന്നും ഭാരവാഹികൾ അറിയിച്ചു. അതേസമയം, നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ കമ്മിറ്റി സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
ആദ്യഘട്ട ചർച്ചകൾക്കും യാത്ര ചിലവിനും ആവശ്യമായ തുക പോലും നിലവിൽ ആക്ഷൻ കൗൺസിൽ എക്കൗണ്ടിലില്ലാത്ത അവസ്ഥയാണ്. ആദ്യഘട്ട ചർച്ചക്ക് ഗോത്ര തലവന്മാരെയും പണ്ഡിതരേയും പങ്കെടുപ്പിക്കാൻ നാൽപ്പതിനായിരം ഡോളർ ആവശ്യമുണ്ട്. പരമ്പരാഗത ഗോത്ര രീതി സംസ്കാരമാണ് യെമനിലേത്. പ്രാഥമിക ചർച്ചയിൽ തന്നെ ദിയ പണം കുടുംബം ആവശ്യപ്പെട്ടാൽ ചർച്ച വിജയിച്ചതായി ഉറപ്പിക്കാം. അടിയന്തിര സാഹചര്യത്തിൽ വേണ്ടുന്ന നാൽപ്പതിനായിരം ഡോളറിന് ആവശ്യമായ തുക ലഭിച്ചെങ്കിൽ മാത്രമേ അടുത്ത ഘട്ടം സാധ്യമാകൂ. ഏതെങ്കിലും രീതിയിൽ മോചനം സാധ്യമായില്ലെങ്കിൽ സംഭാവന നൽകിയവർക്ക് തുക മടക്കിക്കൊടുക്കുമെന്നും ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. കുടുംബത്തെ ചർച്ചക്കെത്തിക്കലും സമവായം സൃഷ്ടിക്കലുമാണ് ആദ്യത്തെ കടമ്പയെന്നും സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ജയൻ എടപ്പാൾ പറഞ്ഞു.
യെമനിൽ കൊലക്കേസിൽ പ്രതിയായി വിചാരണ കോടതിയും അപ്പീൽ കോടതിയും വധശിക്ഷ വിധിച്ച് ജയിലിൽ കഴിയുകയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ എന്ന മലയാളി നഴ്സ്. ഇവരുടെ മോചനത്തിനാവശ്യമായ ഇടപെടൽ നടത്തുന്നതിന് ലോക കേരള സഭ അംഗങ്ങളും രാഷ്ടീയ ,സാമൂഹ്യ ,സാംസ്കാരിക, നിയമ , മേഖലയിലെ പ്രമുഖരും ചേർന്ന് നാല് വർഷം മുമ്പ് രൂപീകരിച്ചതാണ് സേവ് നിമിഷ പ്രിയ ഇന്റർ നാഷണൽ ആക്ഷൻ കൗൺസിൽ. യെമനിലെ യുദ്ധസാഹചര്യത്തിൽ പുറം ലോകം ഏറെയൊന്നും ശ്രദ്ധിക്കാതിരുന്ന ഈ കേസിൽ ആദ്യ കാലത്ത് കാര്യമായ ഇടപെടൽ ഒന്നും നടന്നിരുന്നില്ല.
വിചാരണയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ നിയമ സഹായവും ലഭ്യമായിരുന്നില്ല. ഭാഷാപരമായ അജ്ഞതയും നിമിഷ പ്രിയക്ക് വിനയായി. കേസ് ശ്രദ്ധയിൽ പെട്ടതിന് ശേഷമാണ് ആക്ഷൻ കൗൺസിൽ രൂപീകൃതമാവുന്നത്.
യെമനിൽ ഇന്ത്യൻ എംബസി സാന്നിധ്യമില്ല .ജിബൂട്ടിയിൽ പ്രവർത്തിക്കുന്ന എംബസിയിൽ ആക്ഷൻ കൗൺസിൽ ബന്ധപ്പെട്ട ശേഷമാണ് എംബസി കേസിൽ യെമൻ പൗരന്മാരായ അഭിഭാഷകരെ ചുമതലപ്പെടുത്തുന്നത്. കുടുംബവുമായി സംസാരിച്ച് കേസിൽ ദിയ പണം വാങ്ങിയോ അല്ലാതെയോ നിമിഷയുടെ മോചനം എന്ന ലക്ഷ്യത്തിലേക്ക് വേണ്ടി കൗൺസിൽ നിരന്തരം ഇടപെട്ടു കൊണ്ടിരുന്നു.
ഇന്ത്യൻ സർക്കാറിന്റെ ശ്രദ്ധയും താൽപര്യവും ഇടപെടലും ഉണ്ടാവണമെന്ന ഉദ്ദേശത്തോടെ ദൽഹി ഹൈക്കോടതിയിൽ ആക്ഷൻ കൗൺസിലിന്റെ നിയമ സഹായിയായി പ്രവർത്തിക്കുന്ന സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കേസ് ഫയൽ ചെയ്തു.
നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്കും ,നിമിഷയുടെ മകൾക്കും ആക്ഷൻ കൗൺസിൽ എതാനും അംഗങ്ങൾക്കും യെമനിൽ സന്ദർശനം നടത്താനും നിമിഷ പ്രിയയെ ജയിലിൽ സന്ദർശിക്കാനുമാണ് അനുമതി തേടിയത്.
നിമിഷയുടെ അമ്മയ്ക്കും യെമനിൽ ജോലി ചെയ്യുന്ന തമിഴ് നാട് സ്വദേശി സാമുവലിനും അനുമതി ലഭിച്ചു. തുടർന്ന് വിസ നടപടികൾ പൂർത്തിയായിട്ടുണ്ട് .എന്നാൽ യെമനിലെ സൻആയിൽ നിന്നും ഏതൻസിലേക്കും തിരിച്ചും വിമാനയാത്ര ഉറപ്പാകാത്തത് കൊണ്ട് യാത്ര നീളുകയാണ്. കേസിൽ തുടക്കം മുതൽ ഇടപെട്ട റിട്ടയേർഡ് സുപ്രീകോടതി ജസ്റ്റിസ് കുര്യൻ ജോസഫ് പ്രമുഖ മലയാളി വ്യവസായി ഡോ.എം എ യൂസഫലിയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കുടുംബം ഒത്തുതീർപ്പിന് തയ്യാറാവുന്ന പക്ഷം ആവശ്യമായ സഹായങ്ങൾ ചെയ്യാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു..
യെമനിലെ ദീർഘകാലത്തെ തൊഴിൽ ജീവിത അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ട യെമൻ പൗരന്റെ ഗോത്രവുമായി ബന്ധപ്പെടാൻ സാമുവലിനേയും ആക്ഷൻ കൗൺസിൽ ചുമതലപ്പെടുത്തി. ഇങ്ങനെ വിവിധ തരത്തിലുള്ള നീക്കങ്ങൾ നടന്ന് വരികയാണ്. കുടുംബത്തെ ചർച്ചക്കുള്ള വേദിയിലെത്തിക്കാൻ പര്യാപ്തമായ ഇടപെടൽ ഇനിയും തുടരേണ്ടതുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.