കയ്‌റോ – യുദ്ധം പൂര്‍ണമായും അവസാനിച്ചെന്ന് സ്ഥിരീകരിച്ച് ഹമാസ്. മധ്യസ്ഥരില്‍ നിന്നും അമേരിക്കന്‍ ഭരണകൂടത്തില്‍ നിന്നും ഉറപ്പ് ലഭിച്ചതായി ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ അറിയിച്ചു. ബാക്കിയുള്ള ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ദേശീയ, ഇസ്‌ലാമിക ശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തനം തുടരുമെന്നും ജനങ്ങളുടെ താല്‍പ്പര്യങ്ങളും, അവകാശങ്ങളും നേടിയെടുക്കാനുള്ള സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കും വരെ പ്രവര്‍ത്തിക്കുമെന്നും ഖലീല്‍ അല്‍ഹയ്യ പറഞ്ഞു.
എന്നാൽ ഗാസയുടെ താല്‍ക്കാലിക മേല്‍നോട്ടം വഹിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ സമാധാന കൗണ്‍സില്‍ രൂപീകരിക്കാനുള്ള നിര്‍ദേശം ഹമാസ് നിരാകരിക്കുന്നതായും ഹമാസ് നേതാവ് ഉസാമ ഹംദാന്‍ അറിയിച്ചു. ആയുധങ്ങള്‍ ഉപേക്ഷിക്കുന്നത് ഒരു ഫലസ്തീനിയും അംഗീകരിക്കില്ല, ജനങ്ങളുടെ സംഭരക്ഷണത്തിന് ആയുധങ്ങൾ വളരെ ആവശ്യമാണ്. കൊളോണിയലിസത്തിന്റെ കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്ക് ഞങ്ങൾ അംഗീകരിക്കില്ല. അവര്‍ ഞങ്ങളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പൂര്‍ണ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഫലസ്തീന്‍ ജനതയെ സഹായിക്കണം. പകരം ജനങ്ങളുടെ മേൽ അധികാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും ഹംദാന്‍ വ്യക്തമാക്കി.