ഷാര്‍ജ – യുഎഇയിൽ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒരു സ്ത്രീയടക്കം രണ്ടു കാല്‍നടയാത്രക്കാര്‍ മരിച്ചു. പാക് സ്ത്രീയും അഫ്ഗാന്‍ യുവാവുമാണ് അപകടത്തിൽ മരിച്ചത്. ഷാര്‍ജയിലെ വാസിത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ചയാണ് ആദ്യ അപകടം നടന്നത്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 52 വയസുകാരിയായ പാകിസ്ഥാൻ സ്ത്രീയെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തില്‍ ഡ്രൈവറെ ചോദ്യം ചെയ്യാനായി വാസിത് പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 10 ലാണ് രണ്ടാമത്തെ അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ 31 കാരനായ അഫ്ഗാന്‍ യുവാവിനെ വാഹനം ഇടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ യുവാവ് മരിച്ചു. ഈ ഡ്രൈവറെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകടത്തിന് കാരണം നിശയിച്ച ക്രോസിങ് ലൈനുകൾ ഉപയോഗിക്കാത്തതാണെന്ന് ഷാർജ പോലീസ് വ്യക്തമാക്കി. കാൽനടയാത്രക്കാര്‍ സുരക്ഷാ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.