ഗാസ – ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി പ്രമുഖ ഫതഹ് നേതാവ് മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ വിട്ടയക്കില്ലെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ വക്താവ് ഷോഷ് ബെഡ്രോസിയന്‍ വ്യക്തമാക്കി. ഈ ഘട്ടത്തില്‍, അദ്ദേഹം ഈ കൈമാറ്റത്തിന്റെ ഭാഗമാകില്ലെന്ന്, ബര്‍ഗൂത്തിയുടെ വിധിയെ കുറിച്ച ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ വക്താവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കാബിനറ്റ് യോഗം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്നും ഷോഷ് ബെഡ്രോസിയന്‍ പറഞ്ഞു. എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ആദ്യ ഘട്ടത്തിന്റെ അന്തിമ കരട് ഇന്ന് രാവിലെ ഈജിപ്തില്‍ എല്ലാ കക്ഷികളും ഒപ്പിട്ടതായും അവര്‍ പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഇസ്രായില്‍ മോചിപ്പിക്കുന്ന തടവുകാരില്‍ മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെയും ഉള്‍പ്പെടുത്തണമെന്ന് ഹമാസ് ആവശ്യപ്പെടുന്നതായി ചര്‍ച്ചകളുമായി അടുത്ത വൃത്തങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകദേശം 2,000 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയില്‍ പോരാളികള്‍ തടവിലാക്കിയ 48 ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാന്‍ ഇസ്രായിലും ഹമാസും പരോക്ഷ ചര്‍ച്ചകളില്‍ സമ്മതിച്ചിട്ടുണ്ട്.
ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് നേതാക്കളായ യഹ്‌യ സിന്‍വാറിന്റെയും സഹോദരന്‍ മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ ഗാസ കരാറിന്റെ ഭാഗമായി കൈമാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഇസ്രായിലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗാസ കരാറിന് കീഴില്‍ വിട്ടയക്കേണ്ട ഫലസ്തീന്‍ തടവുകാരുടെ പട്ടിക ഇതുവരെ അംഗീകരിച്ചിട്ടില്ല. കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഫലസ്തീന്‍ തടവുകാരെ വെസ്റ്റ് ബാങ്കിലേക്ക് വിട്ടയക്കില്ലെന്നും അവരെ മൂന്നാം രാജ്യത്തേക്ക് മാറ്റുമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഇസ്രായിലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗാസയിലെ ബന്ദികളെ മോചിപ്പിക്കാനുള്ള കരാര്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ പ്രാബല്യത്തില്‍ വരില്ലെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.