വിശാഖപട്ടണം – വനിതാ ലോകകപ്പിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. തുടർച്ചയായി മൂനാം വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. വിശാഖപട്ടണത്തെ ഡോ. രാജശേഖര റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരങ്ങളിൽ ശ്രീലങ്ക, പാകിസ്ഥാൻ എന്നിവരെ തോൽപ്പിച്ചാണ് ആതിഥേയരുടെ വരവ്. മറുഭാഗത്തേക്ക് നോക്കുമ്പോൾ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ മത്സരത്തിൽ ശക്തരായ ന്യൂസീലൻഡിനെതിരെ ജയം നേടിയിരുന്നു.
കഴിഞ്ഞ രണ്ടു മത്സരത്തിൽ വിജയിച്ചെങ്കിലും സ്മൃതി മന്ദന, പ്രതിക റാവൽ പോലെയുള്ള താരങ്ങളുടെ സ്ഥിരതയില്ലാത്ത പ്രകടനം തിരിച്ചടിയാണ്. ഹർലീൻ ഡിയോൾ, ദീപ്തി ശർമ്മ, സ്നേഹ് റാണ എന്നിവരുടെ പ്രകടനമാണ് ബാറ്റിങ്ങിന് ശക്തി പകരുന്നത്. ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ദീപ്തി ആറ് വിക്കറ്റുമായി ഒന്നാം സ്ഥാനത്താണ്. ക്രാന്തി ഗൗഡിന് നാല് വിക്കറ്റുമായി ഉറച്ച പിന്തുണ നൽകുന്നുണ്ട്.
ദക്ഷിണാഫ്രിക്ക നിരയിൽ ന്യൂസീലൻഡിനെതിരെ സെഞ്ച്വറി നേടിയ തസ്മിൻ ബ്രിറ്റ്സാണ് ബാറ്റിങ്ങിലെ പ്രധാന താരം. 2025ലെ തൻ്റെ അഞ്ചാമത്തെ സെഞ്ചുറിയാണ് ന്യൂസീലൻഡിനെതിരെ താരം നേടിയത്. ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൽ മ്ലാബയാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്.