മാഞ്ചസ്റ്റർ – ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ വീണ്ടും രംഗത്തെത്തി മുൻ സ്പാനിഷ് ഫുട്ബോൾ താരവും നിലവിലെ മാഞ്ചസ്റ്റർ സിറ്റി പരിശീലകനുമായ പെപ് ഗ്വാർഡിയോള. ഇസ്രായിൽ ഗാസയിൽ നടത്തുന്ന നരനായാട്ടിനെതിരെ ലോകത്തുള്ള എല്ലാ ജനങ്ങളും തെരുവിലിറങ്ങണമെന്നാണ് ഗ്വാർഡിയോള പറഞ്ഞത്. പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു വംശഹത്യക്കെതിരെ ഗവൺമെന്റിന് മേൽ സമ്മർദ്ദം ചെലുത്താനാണ് സിറ്റി പരിശീലകൻ ആഹ്വാനം ചെയ്തത്.
എല്ലാം ദിവസവും ഗാസയിലെ അവസ്ഥ നമ്മൾ കാണുന്നതാണ്, ആയിരക്കണക്കിന് കുട്ടികളാണ് കൊല്ലപ്പെടുന്നത്. പൂർണ്ണമായും തകർന്ന ഗാസയിലെ ജനങ്ങൾ കുടിവെള്ളവും, ഭക്ഷണവും, മരുന്നുകൾ ഒന്നുമില്ലാതെ അലയുകയാണെന്നും ഗ്വാർഡിയോള വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബാർസലോണയിൽ നടന്ന വംശഹത്യ വിരുദ്ധ റാലിക്ക് പിന്തുണ നൽകിക്കൊണ്ടുള്ള വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മുൻ സ്പാനിഷ് താരം കാര്യങ്ങൾ തുറന്നു പറഞ്ഞത്.
ദിവസേന ഗാസയിൽ നടക്കുന്ന കാഴ്ചകൾ എന്നെ വേദനിപ്പിക്കുന്നുണ്ട്. ഞാൻ ശരിയോ തെറ്റോ എന്നതല്ല വിഷയം. ഇത് അയൽക്കാരോടുള്ള സ്നേഹത്തെയും കരുതലിനെയും കുറിച്ച് മാത്രമാണ്. നാലു വയസ്സ് പ്രായമായ കുട്ടികൾ വരെ ബോംബ് ആക്രമണങ്ങളിലാണ് കൊല്ലപ്പെടുന്നതെന്നും പെപ് കൂട്ടിച്ചേർത്തു. ഇതെന്നും നമ്മളെ ബാധിക്കുന്ന വിഷയമല്ല എന്നു കരുതുന്നത് കുഴപ്പമില്ല, പക്ഷേ ചിലപ്പോൾ അടുത്തത് കൊല്ലപ്പെടുന്നത് നമ്മളായിരിക്കും. അല്ലേൽ നമ്മുടെ കുട്ടികളായിരിക്കും. ഗാസയിൽ ആക്രമണം തുടങ്ങിയത് മുതൽ ഞാൻ എന്റെ മക്കളെ മുന്നിൽ കാണുന്നു, അവരെയും ഓർത്ത് ഞാൻ ഭയപ്പെടുന്നുവെന്ന് വളരെ വിഷമത്തോടെ പെപ് ഗ്വാർഡിയോള പറഞ്ഞു.
ഇസ്രായിൽ വംശഹത്യയ്ക്കെതിരെ മുമ്പും പെപ് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ജൂണിൽ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ബിരുദദാന പരിപാടിക്കിടെ ഇസ്രായിൽ നടത്തുന്ന ആക്രമങ്ങളെ വളരെ രൂക്ഷമായാണ് താരം വിമർശിച്ചിരുന്നത്.