ഇറാഖിൽ നിന്ന് ചൈനയിലേക്ക് പോയ മെർച്ചന്റ് നേവി കപ്പലിൽ നിന്ന് 22 വയസ്സുള്ള സീനിയർ ഡെക്ക് കേഡറ്റിനെ കാണാതായി.
ഉത്തരാഖണ്ഡ് സ്വദേശിയായ കരൺദീപ് സിംഗ് റാണ എന്ന യുവാവിനെയാണ് സെപ്റ്റംബർ 20-ന് ‘ഫ്രണ്ട് പ്രിൻസസ്’ എന്ന കപ്പലിൽ നിന്ന് കാണാതായത്. കപ്പൽ ജീവനക്കാരും ശ്രീലങ്കൻ നേവിയും മൂന്ന് ദിവസത്തിലേറെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇറാഖിൽ നിന്ന് ചൈനയിലേക്കുള്ള യാത്രാമധ്യേ ശ്രീലങ്കയ്ക്കും സിംഗപ്പൂരിനും ഇടയിലുള്ള കടൽ റൂട്ടിൽ വെച്ചാണ് കരൺദീപിനെ കാണാതായത് എന്നാണ് വിവരം. സെപ്റ്റംബർ 20-ന് രാവിലെയാണ് മകനുമായി അവസാനമായി സംസാരിച്ചതെന്ന് പിതാവ് നരേന്ദ്ര റാണ പറഞ്ഞു. “അതേ ദിവസം വൈകുന്നേരം, മകനെ കാണാതായെന്ന വിവരം ഷിപ്പിംഗ് കമ്പനിയായ എക്‌സിക്യൂട്ടീവ് ഷിപ്പ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഞങ്ങളെ അറിയിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 20-ന് വൈകുന്നേരം കരൺദീപ് സിംഗ് റാണയെ കപ്പലിൽ നിന്ന് കടലിൽ വീണുപോയതായാണ് സൂചന.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ കപ്പലിലെ ജീവനക്കാർ ഉടൻ തെരച്ചിൽ നടത്തിയെങ്കിലും കാര്യമുണ്ടായില്ല.പിന്നീട് നാല് ദിവസത്തോളം തിരച്ചിൽ നടത്തിയെന്നും, ശ്രീലങ്കൻ പ്രതിരോധ ഹെലികോപ്റ്ററുകളും മറ്റ് കപ്പലുകളും തിരച്ചിലിന് സഹായം നൽകിയെന്നും ഷിപ്പിങ് കമ്പനി പറയുന്നു. കപ്പൽ ചൈനയിൽ എത്തിച്ചേർന്നതിന് ശേഷം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കമ്പനി ഉറപ്പ് നൽകി.
മകനെ കണ്ടെത്തുന്നതിന് കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ തേടിയിരിക്കുകയാണ് കുടുംബം.