ലണ്ടൻ – പ്രീമിയർ ലീഗിന്റെ ഏഴാം റൗണ്ട് മത്സരത്തിൽ വമ്പന്മാർക്കെല്ലാം ജയം. ടോട്ടൻഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആർസണൽ എന്നിവരെല്ലാം വിജയം സ്വന്തമാക്കിയപ്പോൾ ചെൽസിക്കെതിരെ പരാജയപ്പെട്ട് ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ലിവർപൂൾ.
ടോട്ടൻഹാം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലീഡ്‌സ് യുണൈറ്റഡിനെയാണ് തകർത്തത്. ലീഡ്‌സിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 23-ാം മിനുറ്റിൽ മാത്തിയാസ് ടെല്ലിന്റെ ഗോളിൽ സ്പർസ് മുന്നിലെത്തി. 11 മിനിറ്റുകൾക്ക് ശേഷം നോഹ ഒകാഫോറിലൂടെ ലീഡ്സ് ആദ്യപകുതിയിൽ തന്നെ ഒപ്പമെത്തി. 57-ാം മിനുറ്റിൽ മുഹമ്മദ് കുഡൂസാണ് സന്ദർശകരുടെ വിജയഗോൾ നേടിയത്. തിരിച്ചടിക്കാനായി ആതിഥേർ പലതവണ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. വിജയത്തോടെ 14 പോയിന്റുമായി മൂന്നാമതാണ് ടോട്ടൻഹാം.
കഴിഞ്ഞു കഴിഞ്ഞ മത്സരത്തിൽ ബ്രെന്റ്ഫോഡിനോട് വഴങ്ങിയ തോൽവിക്ക് ശേഷം ജയം പിടിച്ചെടുത്തിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. നിർണ്ണായക മത്സരത്തിൽ സണ്ടർലാന്റിനോട് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ചെകുത്താന്മാരുടെ വിജയം. ആദ്യപകുതിയിൽ തന്നെയാണ് രണ്ടു ഗോളുകളും ആതിഥേയരായ യുണൈറ്റഡ് നേടിയത്. എട്ടാം മിനുറ്റിൽ തന്നെ എംബ്യൂമോ നൽകിയ മികച്ചൊരു പന്തിൽ മൗണ്ടാണ് ആദ്യ ഗോൾ നേടിയത്. 31-ാം മിനുറ്റിൽ സെസ്‌കോയും പന്ത് വലയിൽ എത്തിച്ചതോടെ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. വീണ്ടും പല വർഷങ്ങൾ ലഭിച്ച എങ്കിലും മുതലെടുക്കാൻ ചെകുത്താന്മാർക്കായില്ല.
മറ്റൊരു മത്സരത്തിൽ ആർസണൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വെസ്റ്റ്ഹാമിനെ തകർത്തു. വിജയത്തോടെ ഒന്നാമതെത്തിയ പീരങ്കികൾക്കുവേണ്ടി ഗോൾ നേടിയത് ഡെക്ലാൻ റൈസും, ബുകയോ സാകയുമാണ്. 31-ാം മിനുറ്റിലാണ് റൈസ് ഗോൾ നേടിയത്. 67-ാം മിനുറ്റിൽ പെനാൽറ്റി യിലൂടെ സാകയും പന്തു വലയിൽ എത്തിച്ചതോടെ പോയിന്റ് പട്ടികയിൽ തലപ്പത്തെത്താൻ ആർസണലിന് കഴിഞ്ഞു.
ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചെൽസി ലിവർപൂളിനെ പരാജയപ്പെടുത്തിയത്. ഈ പരാജയത്തോടെ തലപ്പത്ത് ഉണ്ടായിരുന്ന നിലവിലെ ചാമ്പ്യന്മാർ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. അവസാന നിമിഷത്തിൽ വഴങ്ങിയ ഗോളാണ് ലിവർപൂളിന് തിരിച്ചടിയായത്. 14-ാം മിനുറ്റിൽ കൈസെഡോയുടെ ബോക്സിന്റെ പുറത്തുനിന്നുള്ള ഒരു ഷോട്ട് വല തുളച്ചു കയറി ബ്ലൂസ് മുന്നിലെത്തി. തിരിച്ചടിക്കാനായുള്ള ലിവർപൂളിന്റെ ശ്രമം ഫലം കണ്ടത് 63-ാം മിനുറ്റിൽ ഗാക്പോയിലൂടെയായിരുന്നു. സമനിലയിലേക്ക് നീങ്ങുമെന്ന കരുതിയ മത്സരത്തിൽ ഇഞ്ചുറി സമയത്തിന്റെ ആറാം മിനുറ്റിൽ കുക്കുറെല്ല വെച്ചു കൊടുത്ത പന്ത് എസ്റ്റേവോ ഗോളാക്കി മാറ്റിയതോടെ ലീഗിലെ തുടർച്ചയായി രണ്ടാമത്തെ മത്സരവും സീസണിലെ മൂന്നാമത്തെ മത്സരവും ലിവർപൂൾ പരാജയപ്പെട്ടു.