അബൂദാബി– വിമാനത്തിൻ്റെ തകരാറിലായ സീറ്റിലിരുന്ന് യാത്രചെയ്തതിനെത്തുടർന്ന് പരുക്കേറ്റ യാത്രക്കാരിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. 10,000 ദിർഹം (ഏകദേശം 2.4 ലക്ഷം ഇന്ത്യൻ രൂപ) നഷ്ട പരിഹാരം നൽകാനാണ് അബൂദാബി സിവിൽ കുടുംബകോടതി വിധിച്ചത്. താൻ അനുഭവിച്ച ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 50,000 ദിർഹം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി വിമാനക്കമ്പനിയുടെപേരിൽ കേസ് കൊടുത്തത്.
യാത്ര ആരംഭിക്കുമ്പോൾ തന്നെ തന്റെ സീറ്റിന് തകരാറുള്ളതായി പരാതിക്കാരി കണ്ടെത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനിടെ യാത്രക്കാരിക്ക് പരുക്കേൽക്കുകയും ചെയ്തു. ആന്റി-ടെറ്റനസ് കുത്തിവെപ്പ് ഉൾപ്പെടെയുള്ള ചികിത്സക്ക് പരാതിക്കാരി വിധേയമാവേണ്ടി വരികയും ചെയ്തു. കേസ് രേഖകളും അനുബന്ധ റിപ്പോർട്ടുകളും അടിസ്ഥാനമാക്കി, എയർലൈനിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയുടെ ഫലമായി യാത്രക്കാരി ദുരിതം അനുഭവിക്കേണ്ടി വന്നതായി കോടതി കണ്ടെത്തുകയും 10,000 ദിർഹം നഷ്ട പരിഹാരം നൽകാൻ വിധിക്കുകയുമായിരുന്നു.